Kollam Local

ഫയര്‍സ്‌റ്റേഷനില്‍ വിളിച്ച് അസഭ്യം പറഞ്ഞതായി പരാതി

ചവറ: ഫയര്‍സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതായി പരാതി. കുറ്റിവട്ടത്തുള്ള അമീന്‍ എന്ന ആളാണ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കിടെ പരസ്യമായി അസഭ്യം പറയുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്താന്‍ ശ്രമം നടത്തിയതും.
ചവറ പോലിസ് സ്‌റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടായില്ലായെന്നാരോപണവും ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച്ച രാത്രി കുറ്റിവട്ടത്തിനു സമീപം ഒരു അപകടം നടന്നതായി ഫയര്‍ഫോഴ്‌സിനെ വിളിച്ചിരുന്നു. എന്നാല്‍ വിളി കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സില്‍ ചെല്ലുകയായിരുന്നു.  കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് വിവരം ചവറ ഫയര്‍ഫോഴ്‌സില്‍  വിളിച്ചയാളുടെ ഫോണ്‍ നമ്പര്‍ സഹിതം നല്‍കി. തുടര്‍ന്ന് ചവറ ഫയര്‍ഫോഴ്‌സ് വിളിച്ചയാളുടെ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു. രാത്രികാലങ്ങളില്‍ ചിലര്‍ ഫയര്‍ഫോഴ്‌സില്‍ വിളിച്ച് കബളിപ്പിക്കുന്ന പതിവുള്ളതിനാലാണ് വിളിച്ച നമ്പരില്‍ തിരികെ വിളിച്ചു കാര്യം അന്വേഷിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു..തുടര്‍ന്ന് സംഭവസ്ഥലത്തു ഫയര്‍ഫോഴ്‌സ് ചെല്ലുകയും റോഡില്‍ കിടന്നിരുന്ന രക്തം വെളളം ഉപയോഗിച്ച് കഴുകി കളയുകയും ചെയ്തു. ഇതിനിടെ ഫോണ്‍ വിളിച്ചയാള്‍ മറ്റുള്ളവരുടെ മുന്നില്‍ വെച്ച് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും അസഭ്യം പറയുകയുമായിരുന്നു.  ഫോണ്‍ നമ്പര്‍ സഹിതമാണ് പോലിസില്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില രാഷ്ട്രീയപരമായ ചില  ഇടപെടലുകള്‍ വന്നതിനാലാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞയാള്‍ക്കെതിരേ പോലീസ് നടപടി എടുക്കാത്തതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it