ഫയര്‍മാന്‍മാരെ പ്രശംസ കൊണ്ട് മൂട ി അഗ്നിരക്ഷാ സേനാ തലവന്‍; അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ആദരം

കൊച്ചി: 'നിങ്ങളുടെ തലവനായിരിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു' ഗാന്ധിനഗര്‍ ഫയര്‍ യൂനിറ്റ് ഓഫിസില്‍ നൂറുകണക്കിന് ഫയര്‍മാന്‍മാരെ സാക്ഷിനിര്‍ത്തി സംസ്ഥാന അഗ്നിരക്ഷാ സേനാ തലവന്‍ എ ഹേമചന്ദ്രന്‍ പറഞ്ഞപ്പോള്‍ അംഗങ്ങളുടെ മുഖത്ത് അഭിമാനം വിരിഞ്ഞു. ദുരന്തകാലത്ത് മികച്ച പ്രകടനം കാഴ്ചവച്ച ഫയര്‍ ആന്റ് റസ്‌ക്യൂ യൂനിറ്റുകളെയും സഹായമായെത്തിയ മറ്റുള്ളവരെയും ആദരിക്കുന്ന ചടങ്ങിന്റെ ഉദ്ഘടന വേദിയിലാണ് ഹേമചന്ദ്രന്‍ ഫയര്‍മാന്‍മാരെ ഉള്ളുതുറന്ന് അഭിനന്ദിച്ചത്.
ദുരന്തമുഖത്ത് സംസ്ഥാന അഗ്നിരക്ഷാ സേന കാഴ്ചവച്ചത് സമാനതകളില്ലാത്ത പ്രവര്‍ത്തനമാണെന്നും അദ്ദേഹം പറഞ്ഞു. അംഗസംഖ്യയില്‍ ഗണ്യമായ കുറവുണ്ടായിരുന്നിട്ടും ദുരന്തമുഖത്ത് സമാനതകളില്ലാതെ രക്ഷാപ്രവര്‍ത്തനം നടത്തിയ സേനാംഗങ്ങളെ സര്‍ക്കാര്‍ ആദരിച്ചത് അഭിമാനിക്കാവുന്ന നേട്ടമാണ്. സേനയിലെ ഓരോ അംഗത്തിനും വേണ്ടിയാണ് മുഖ്യമന്ത്രിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങിയതെന്നും ഹേമചന്ദ്രന്‍ പറഞ്ഞപ്പോള്‍ കരഘോഷത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. ദുരന്തമുഖത്ത് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം അംഗങ്ങള്‍ നടത്തിയ ധീരപ്രവൃത്തികള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു അഗ്നിസുരക്ഷാ സേനാതലവന്‍ സംസാരിച്ചത്.
ഫയര്‍ഫോഴ്‌സിലെ ന്യൂനതകള്‍ പരിഹരിച്ച് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി ഉറപ്പു പറഞ്ഞിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചിയിലെ പരിശീലന കേന്ദ്രം കൂടുതല്‍ കാര്യക്ഷമമാക്കും. സ്‌കൂബ ഡൈവിങില്‍ അംഗങ്ങളെ പ്രാപ്തരാക്കുന്നതിന് ഒറീസ മോഡലില്‍ പ്രത്യേക പരിശീലന പരിപാടി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തമുഖത്ത് ആദ്യം ഓടിയെത്തുന്നത് ജനങ്ങളാണ്. ദുരന്തനിവാരണ സമയത്ത് പൊതുജനങ്ങളുടെ സേവനമാണ് ഏറെ സഹായകരമാവുന്നത്. പൊതുജനങ്ങളെ ദുരന്തനിവാരണത്തിന്റെ ഭാഗമാക്കുന്നതിനായി കമ്മ്യൂണിറ്റി റസ്‌ക്യൂ വോളന്റിയര്‍ സ്‌കീം സംസ്ഥാന അഗ്നിരക്ഷാ സേന നടപ്പാക്കിയിരുന്നെങ്കിലും ഇപ്പോള്‍ പദ്ധതി നിശ്ചലമാണ്. ഇതു കൂടുതല്‍ മികവോടെ വീണ്ടും നടപ്പാക്കുമെന്നും ഹേമചന്ദ്രന്‍ അറിയിച്ചു.
ഫയര്‍ഫോഴ്‌സ് എറണാകുളം ഡിവിഷനു കീഴിലെ എറണാകുളം, ഇടുക്കി ജില്ലകളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ യൂനിറ്റുകളെയാണ് ചടങ്ങില്‍ ആദരിച്ചത്. ഇവര്‍ക്കു പുറമേ പ്രളയകാലത്ത് ഫയര്‍ഫോഴ്‌സിന് ബോട്ടുകള്‍ വിട്ടുനല്‍കിയ എറണാകുളം ലിസി ഹോസ്പിറ്റലിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. തോമസ് മാത്യുവിനെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ സഹായം നല്‍കിയ ആന്‍ഡ്രുവിനെയും ഫയര്‍ഫോഴ്‌സ് ആദരിച്ചു.
എറണാകുളം, ഇടുക്കി ജില്ലകളില്‍ നിന്നായി 11,711 സഹായ അഭ്യര്‍ഥനകളാണ് വിവിധ നിലയങ്ങളിലായി ലഭിച്ചത്. 13,020 പേരെ രക്ഷപ്പെടുത്തുകയും 33,208 പേരെ അപകട മേഖലയില്‍ നിന്ന് ഒഴിപ്പിച്ചു സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കാനുമായി. അനുമോദന ചടങ്ങില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍ പ്രസാദ്, റെജി വി കുര്യാക്കോസ്, പി എ സാജദ്, പി ദിലീപന്‍, എ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it