Kollam Local

ഫയര്‍ഫോഴ്‌സിന് പുതിയ ഡിങ്കി യൂനിറ്റ് അനുവദിച്ചു



പത്തനാപുരം:പത്തനാപുരം അഗ്‌നിശമന സേനയ്ക്ക് പുതിയ ഡിങ്കി യൂനിറ്റ് അനുവദിച്ചു. ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആവശ്യപ്രകാരം അഗ്‌നിശമന സേനാ മേധാവി ടോമിന്‍ ജെ തച്ചങ്കരിയാണ് പത്തനാപുരത്ത് ആധുനിക സൗകര്യങ്ങളുള്ള ഡിങ്കി യൂനിറ്റ് അനുവദിച്ചത്. കല്ലടയാറില്‍ വര്‍ഷാവര്‍ഷം നിരവധിയാളുകളാണ് മുങ്ങിമരിക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിന് കൊല്ലം,പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നാണ് ഡിങ്കി യൂനിറ്റ് എത്തിച്ചിരുന്നത്. ഡിങ്കി യൂനിറ്റ് പത്തനാപുരം ഫയര്‍സ്‌റ്റേഷനിലും എത്തിച്ചതോടെ ഇനി രക്ഷാപ്രവര്‍ത്തനം വേഗത്തിലാകും. രണ്ട് വര്‍ഷം മുമ്പാണ് പത്തനാപുരം നെടുവന്നൂരില്‍ ഫയര്‍ സ്‌റ്റേഷന്‍ അനുവദിച്ചത്. പരിമിതമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌റ്റേഷനില്‍ ആധുനിക സൗകര്യങ്ങളുള്ള യന്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. ഡിങ്കിയുടെ വരവോടെ പരിമിതികള്‍ മറികടക്കാനാവുമെന്നാണ് പ്രതീക്ഷ. യൂനിറ്റിന്റെ ഉദ്ഘാടനം കൊച്ചികടവില്‍ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ജീവനക്കാര്‍ക്ക് ഡിങ്കി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കി. സ്‌റ്റേഷന്‍ ഓഫിസര്‍ ബൈജു, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ സോമരാജ്,മനുരാജ്,അനി,ജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it