ഫയര്‍ഫോഴ്‌സിന്റെ പേര് മാറ്റം സര്‍ക്കാര്‍ അംഗീകരിച്ചു സുനു

ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് ലോകബാങ്ക്, കേന്ദ്രസര്‍ക്കാര്‍ അടക്കമുള്ള സഹായം ലഭിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ പേര് മാറ്റാനുള്ള നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസ് എന്ന നിലവിലെ പേര് ഫയര്‍ ആന്റ് എമര്‍ജന്‍സി സര്‍വീസ് എന്നാക്കി മാറ്റണമെന്ന ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ടോമിന്‍ ജെ തച്ചങ്കരിയുടെ നിര്‍ദേശമടങ്ങിയ റിപോര്‍ട്ടാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. റിപോര്‍ട്ട് കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് അംഗീകരിച്ചത്. എന്നാല്‍, ഇതുവരെയും വിജ്ഞാപനമിറങ്ങിയിട്ടില്ല. തീയണയ്ക്കുന്നതില്‍ നിന്ന് മറ്റു പല മേഖലകളിലേക്കും സേവനം വ്യാപിപ്പിച്ചതോടെയാണ് ഫയര്‍ഫോഴ്‌സിന്റെ പേര് പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ആദ്യകാലഘട്ടങ്ങളില്‍ തീപ്പിടിത്തമുണ്ടായാല്‍ അണയ്ക്കുക എന്നതായിരുന്നു ഫയര്‍ഫോഴ്‌സിന്റെ പ്രധാന ജോലി. കാലംമാറിയതോടെ ഏത് അത്യാവശ്യത്തിനും ജനങ്ങള്‍ ഫയര്‍ഫോഴ്‌സിന്റെ സഹായമാണു തേടുന്നത്. ഒഴുക്കില്‍പ്പെടുക, കിണറ്റില്‍ വീഴുക, മരത്തില്‍ കയറി ഇറങ്ങാന്‍ കഴിയാതെ വരുക, കെട്ടിടത്തിനു മുകളിലെ ആത്മഹത്യാഭീഷണി എന്നിങ്ങനെ എതു കാര്യത്തിനും ആദ്യം വിളിക്കുക ഫയര്‍ഫോഴ്‌സിനെയാണ്. ഇതു കണക്കിലെടുത്താണ് 2002ല്‍ കേരള ഫയര്‍ സര്‍വീസ് എന്ന പേര് ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് എന്നാക്കി മാറ്റിയത്. തുടര്‍ന്ന് ഏത് അടിയന്തര സാഹചര്യത്തിലും ഫയര്‍ഫോഴ്‌സ് സേവനം ലഭ്യമാക്കി. ആപല്‍ഘട്ടങ്ങളിലും ദുരന്തം നേരിടാനും ആദ്യം എത്തുന്നത് ഫയര്‍ സര്‍വീസാണ് എന്ന നിലയിലാണ് പേര് ഫയര്‍ ആന്റ് എമര്‍ജന്‍സി എന്നാക്കി മാറ്റുന്നത്. സംസ്ഥാനത്തെ 126 ഫയര്‍ സ്‌റ്റേഷനുകളില്‍ അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 4,363 ജീവനക്കാരാണ് നിലവില്‍ ഫയര്‍ഫോഴ്‌സില്‍ ജോലിചെയ്യുന്നത്. ലോകബാങ്കിന്റെയടക്കം ഫണ്ട് ലഭിക്കണമെങ്കില്‍ എമര്‍ജന്‍സി സര്‍വീസ് കൂടി വേണം. ഇതും കൂടി കണക്കിലെടുത്താണു പേരുമാറ്റം.
Next Story

RELATED STORIES

Share it