malappuram local

ഫണ്ട് പുതിയ പദ്ധതി പരിശോധിച്ച ശേഷം മാത്രമെന്ന് കേന്ദ്രം

മലപ്പുറം: അലിഗഡ് മലപ്പുറം ഓഫ് കാംപസിനോട്  കേന്ദ്ര സര്‍ക്കാരിന് അവഗണന. പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഫണ്ട് വിഹിതം തീരുമാനിക്കൂ എന്ന നിലപാടിലാണ് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം.
ഓഫ് കാംപസുകള്‍ക്ക് ഇതുവരെ അനുവദിച്ച ഫണ്ടിനെ പറ്റിയും ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നടത്തുന്നതിനെ പറ്റിയുമുള്ള  പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അലിഗഡ് സര്‍വകലാശാലയുടെ മലപ്പുറം ഓഫ് കാംപസിനോടുള്ള കേന്ദ്ര സമീപനം കൂടുതല്‍ മറനീക്കി പുറത്തുവന്നത്. വിപുലമായ പദ്ധതി സമര്‍പ്പിച്ചതിന് ശേഷം പാസായ തുക ഘട്ടംഘട്ടമായി അനുവദിക്കണമെന്നിരിക്കെ പുതിയ പദ്ധതി നിര്‍ദേശങ്ങള്‍ പരിശോധിച്ചു മാത്രമേ ബാക്കി തുക അനുവദിക്കൂ എന്ന് കേന്ദ്ര മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് സഭയെ രേഖാമൂലം അറിയിച്ചത്. കാംപസിന് യുപിഎ സര്‍ക്കാര്‍ അനുവദിച്ച 104.  93 കോടി രൂപയില്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും പകുതി തുക മാത്രമാണ് കൈമാറിയത്.
മതിയായ ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ സര്‍വകലാശാലയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടു പോവാനോ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനോ കഴിയാത്ത അവസ്ഥയിലാണു മലപ്പുറം ഓഫ് കാംപസ്. 2017ലെ പൊതു സാമ്പത്തിക ചട്ടങ്ങള്‍ പ്രകാരമുള്ള ഓഡിറ്റഡ് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സര്‍വകലാശാല സമര്‍പ്പിച്ചിട്ടില്ലാത്തതിനാണു പുതിയ പദ്ധതി പരിശോധന ആവശ്യമായി വന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. എന്നാല്‍ ഓഡിറ്റ് റിപോര്‍ട്ടുകളും മറ്റും നേരത്തെ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ആവശ്യമുള്ള ഫണ്ട് അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നും അലിഗഡ് സര്‍വകലാശാലാ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഒഴിവുള്ള തസ്തികകളില്‍ നിയമനം നടത്തേണ്ടത് സര്‍വകലാശാലകളാണന്നും എല്ലാ ഒഴിവുകളും മുന്‍ഗണന നല്‍കി ഉദ്യോഗാര്‍ഥികളെ നിയമിക്കാന്‍ അലിഗഡ് സര്‍വകലാശാലയടക്കമുള്ള ഏല്ലാ കേന്ദ്ര സര്‍വകലാശാലകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുെണ്ടന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കര്‍ പി കെ കുഞ്ഞാലികുട്ടിയുടെ ചോദ്യത്തിനുള്ള മറുപടിയായി സഭയെ അറിയിച്ചു.
Next Story

RELATED STORIES

Share it