thrissur local

ഫണ്ട് ദുരുപയോഗം: വിജിലന്‍സ് അന്വേഷണം ആരംഭിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയിലെ ഫണ്ട് ദുരുപയോഗത്തെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി.
അന്വേഷണത്തിന്റെ ഭാഗമായി ഗുരുവായൂരിലെത്തിയ വിജിലന്‍സ് സംഘം പണി പൂര്‍ത്തിയാക്കിയ മാന്‍ഹോളുകള്‍ തുറന്ന് പരിശോധന നടത്തി. പണി തുടങ്ങി വര്‍ഷങ്ങളായിട്ടും പദ്ധതി ഇപ്പോഴും പാതിവഴിയിലാണ്. പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ചതിലും വളരെയേറെ ദിവസങ്ങളെടുത്താണ് കഴിഞ്ഞ രണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഈ പ്രവൃത്തികളില്‍ സര്‍ക്കാര്‍പണം ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന പൊതുപ്രവര്‍ത്തകന്‍ ഗുരുവായൂര്‍ സ്വദേശി ജയപ്രകാശ് കേശവന്റെ പരാതിയില്‍ വിജിലന്‍സ് കോടതി കേസെടുത്തിട്ടുണ്ട്.
ഈ കേസിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍ ആര്‍ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. മേജര്‍ ഇറിഗേഷനിലെ എഞ്ചിനീയര്‍മാരും സംഘത്തോടൊപ്പമുണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി എം പ്രവീണ്‍ കുമാര്‍ പ്രവൃത്തികളെക്കുറിച്ച് അന്വേഷണസംഘത്തോട് വിശദീകരിച്ചു.
അഴുക്കുചാല്‍ പദ്ധതിക്കായി ചക്കംകണ്ടത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ചിട്ട് 2 വര്‍ഷം കഴിഞ്ഞു. ഇതിന്റെ നിര്‍മ്മാണത്തിലെ അഴിമതിയെപ്പറ്റി വിജിലന്‍സില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.
Next Story

RELATED STORIES

Share it