malappuram local

ഫണ്ടുണ്ട്; പദ്ധതിയുമുണ്ട്: ഫലമില്ല

ഇ പി അഷ്‌റഫ്
ആരോടു പറയും ആവലാതികള്‍ എന്നറിയാതെ  അന്തിച്ചു നില്‍ക്കുകയാണ്തിരൂരിലെ അന്തേവാസികള്‍. അത്രക്കു മേല്‍ അനുഭവസ്ഥരാണ് അവര്‍.എംപിയും എംഎല്‍എയും ഉള്‍പ്പടെ അനേകം ജനപ്രതിനിധികളും രാഷ്ട്രീയ പ്പാര്‍ട്ടികളുടെ ഉയര്‍ന്ന പദവികളിലിരിക്കുന്ന ഒട്ടനവധി  രാഷ്ട്രീയ നേതാക്കളും ഉന്നതാധികാര സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥക്കൂട്ടവും തന്നെ തിരൂരില്‍ ഉണ്ടായിട്ടും അവര്‍ തിരൂര്‍ പുഴയുടെ നിത്യ സന്ദര്‍ശകരായിട്ടും അവരാരും തിരൂര്‍ പുഴയെ തിരിഞ്ഞു നോക്കുന്നില്ല. വന്‍കിട പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ പൊതു ഫണ്ടില്‍ ഇഷ്ടാനുസരണം പണമുണ്ട്.
നടപ്പിലാക്കാന്‍ പദ്ധതികളും പരിഹാരമാര്‍ഗങ്ങളുമുണ്ട്. എന്നാല്‍ അവ നിര്‍വഹിക്കാന്‍ മനസ്സു കാണിക്കാന്‍ അധികാരിവര്‍ഗത്തിന് കഴിയുന്നില്ല. അവരുടെ ഇഛാശക്തിയിലാണ് പ്രവൃത്തിയുടെ നിര്‍വഹണം സാധ്യമാകുന്നത്. അല്ലാത്ത പദ്ധതികള്‍ തീര്‍ത്തും വിഫലമായിരിക്കും. തിരൂര്‍ പുഴയുടെ സംരക്ഷണം ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനായ ഇ അലവിക്കുട്ടി നല്‍കിയ ഹര്‍ജി ചെന്നൈയിലെ ദേശീയ ഹരിത ട്രിബലൂണലില്‍ വിചാരണയിലാണ്. അവര്‍ക്ക് വേണ്ടി അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകുന്നുമുണ്ട്. കേസില്‍ വിചാരണക്ക് ഹാജരായ കലക്ടരുടെ അഭിഭാഷകന്‍ റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി പുഴ സംരക്ഷണം ഉറപ്പാക്കാമെന്ന് പറഞ്ഞപ്പോള്‍ ഇറിഗേഷന്‍ വകുപ്പിന് വേണ്ടി ഹാജരായ അഭിഭാഷകള്‍ പുഴ ശുചീകരണത്തിന് വേണ്ടത് ചെയ്യാമെന്നാണ് അറിയിച്ചത്.സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കീലാകട്ടെ സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ എല്ലാം സുഭദ്രം എന്ന വിവരമാണ് കൈമാറിയത്.തത്വത്തില്‍ ഉത്തരവാദപ്പെട്ടവര്‍ കനിഞ്ഞാല്‍ തിരൂര്‍ പുഴയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ വളരെ എളുപ്പത്തില്‍ കഴിയുമെന്ന് സാരം.  വര്‍ഷങ്ങള്‍ക്കു മുമ്പ് മാലിന്യം ഒഴുകിയെത്തി തിരൂര്‍ പുഴ ദുര്‍ഗന്ധപൂരിതമായി മൂക്കുപൊത്താതെ തിരൂര്‍ നഗരത്തില്‍ ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. പുഴയിലെ മല്‍സ്യങ്ങള്‍ ഒന്നടങ്കം ചത്തുപൊങ്ങി. പുഴ തീര്‍ത്തും ഒരു ശവപ്പറമ്പായിമായി. യുദ്ധം കഴിഞ്ഞതിന് സമാനമായിരുന്നു പുഴയുടെ അന്നത്തെ സ്ഥിതി. ഈ ഘട്ടത്തില്‍ തിരൂരിലെ സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങള്‍ സടകുടഞ്ഞ് എഴുന്നേറ്റു.
രാഷ്ട്രീയക്കാരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും സമരരംഗത്ത് മല്‍സരിച്ചു.രാപ്പകല്‍ സമരങ്ങളും മനുഷ്യച്ചങ്ങലകളും കൊണ്ട് തിരൂര്‍ നഗരം സമരനഗരമായി മാറി. പുഴയുടെ സംരക്ഷണവുംമാലിന്യ നിര്‍മാര്‍ജ്ജനവും സംബന്ധിച്ച ഗൗരവമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഈ സമരങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും അല്‍പായുസ് മാത്രമേ ഉണ്ടായുള്ളൂ. കാലവര്‍ഷത്തിലെ മഴയില്‍ മാലിന്യങ്ങള്‍ ഒലിച്ചു പോയതിനൊപ്പം സമരങ്ങളും ചര്‍ച്ചകളും ആ മഴവെള്ളപ്പാച്ചിലിനൊപ്പം തന്നെ ഒലിച്ചുപോവുകയായിരുന്നു.തിരൂര്‍ പുഴയുടെ തീരപ്രദേശങ്ങള്‍ സി ആര്‍ ഇസഡ് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രസ്തുത ഭാഗങ്ങള്‍ യാതൊരു വിധതരം മാറ്റത്തിനും വിധേയമാക്കാന്‍ പാടില്ല എന്നാണ് വ്യവസ്ഥ. അവിടം അരയടി താഴ്ത്തിയാല്‍ പുഴയിലെ ജലനിരപ്പിനോട് സമാനമാകും.അവിടെമാണ് ഭൂമാഫിയകളും വന്‍കിടക്കാ രും കൈയേറി വന്‍ കെട്ടിടങ്ങള്‍ സ്ഥാപിക്കുകയും മാലിന്യ ടാങ്കുകള്‍ വരെ നിര്‍മിക്കുകയും ചെയ്തിട്ടുള്ളത്.
വന്‍കിട പദ്ധതികള്‍ വിഭാവനം ചെയ്യുമ്പോള്‍ തികഞ്ഞ ആസൂത്രണവും സമഗ്ര പഠനവും അനിവാര്യമാണ്.ജനങ്ങളില്‍ നിന്നു കൂടെ അഭിപ്രായം തേടണം. പരിസ്ഥിതി ഉള്‍പ്പടെ നിത്യജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഗൗരവപൂര്‍വം പരിഗണിക്കണം.  നമ്മുടെ വാര്‍ഷിക ജലസ്രോതസ്സ് കാലവര്‍ഷങ്ങളാണ്. ജലസംഭരണികളായ നദികളേയും കുളങ്ങളേയും വറ്റാതെ അടുത്ത വേനലറുതി അതിജീവിക്കാന്‍ പ്രാപ്തമാക്കുന്നത് തിമിര്‍ത്തു പെയ്യുന്ന മഴയാണ്. എന്നിട്ടും നമ്മുടെ അലംഭാവത്താന്‍ പ്രകൃതിദത്ത ജലസംഭരണികള്‍ കാലിയാക്കുന്നു; മലിനമാക്കുന്നു.ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ദാരുണമായേക്കും.

(അവസാനിച്ചു)
Next Story

RELATED STORIES

Share it