kasaragod local

ഫണ്ടില്ല; ഉര്‍ദു അക്കാദമി പ്രഖ്യാപനത്തിലൊതുങ്ങി

ഉപ്പള: ഉര്‍ദു ഭാഷയുടെ സമഗ്ര വികസനത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉര്‍ദു അക്കാദമിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. കഴിഞ്ഞ ജനുവരി 21നാണ് സാംസ്‌കാരിക വകുപ്പിന് കീഴില്‍ സംസ്ഥാനത്ത് ഉര്‍ദു അക്കാദമി പ്രഖ്യാപിച്ചത്. ഉര്‍ദു അക്കാദമിയുടെ ഓഫിസ് ഏഴിന് ഉച്ചയ്ക്ക് 2.30ന് ഉപ്പള ഹനഫി ജുമാമസ്ജിദ് ഓഫിസ് കെട്ടിടത്തില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. പി ബി അബ്ദുര്‍റസാഖ് എംഎല്‍എ അധ്യക്ഷത വഹിക്കും.
ഉര്‍ദു അക്കാദമിക്കായി കഴിഞ്ഞ ബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ അടുത്ത സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ മാത്രമേ ഫണ്ട് ലഭിക്കുകയുള്ളു. ഉര്‍ദു അക്കാദമിക്കായി 31 അംഗ ജംബോ കമ്മിറ്റിയും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് ചെയര്‍മാനും ഉപ്പള ഹനഫി ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി എസ് അബ്ദുര്‍റഹ്മാന്‍ വര്‍ക്കിങ് ചെയര്‍മാനുമായ കമ്മിറ്റിയാണ് രൂപീകരിച്ചത്. റിട്ട. ഹെഡ്മാസ്റ്റര്‍ കുമ്പളയിലെ എം മാഹിന്‍ മാസ്റ്ററാണ് കമ്മിറ്റിയുടെ സെക്രട്ടറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷറഫ്, റിട്ട. ഉര്‍ദു റിസര്‍ച്ച് ഓഫിസര്‍ മൊയ്തീന്‍ കുട്ടി, ഫൈസല്‍ മാവുള്ളോടത്ത്, സംസ്ഥാന ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഇ കെ മുഹമ്മദ് ശാഫി, ഡോ. നകുലന്‍ കൊയിലാണ്ടി, ഡോ. പി കെ അബൂബക്കര്‍ (ഹെഡ്ഓഫ് ഉര്‍ദു മലപ്പുറം ഗവ.കോളജ്), പി കെ അബ്ദുല്‍ ഹമീദ് കോഴിക്കോട്, മീഞ്ച പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് ഷുക്കൂര്‍, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ബന്തിയോട്, അഞ്ചുമന്‍ തുര്‍ക്കി ഹിന്ദ് സെക്രട്ടറി കെ അബ്ദുല്‍ഗഫൂര്‍, ജില്ലാ പഞ്ചായത്തംഗം അര്‍ഷാദ് വോര്‍ക്കാടി, റഹ്മത്തുള്ള മഞ്ചേശ്വരം, ഉബൈദുറഹ്മാന്‍ ഉപ്പള, മുഹമ്മദ് അസീം ഉപ്പള, അഡ്വ. സക്കീര്‍ ഹുസയ്ന്‍ മൊഗ്രാല്‍, എം അസിനാര്‍ കാഞ്ഞങ്ങാട്, എ എ കയ്യുംകൂടല്‍, ഹക്കീം കുന്നില്‍, ടി കെ ഫൈസല്‍, നാസര്‍ മൊഗ്രാല്‍, കെ പി വേലായുധന്‍, കെ പി ശംസുദ്ദീന്‍, അഹമദ് കുട്ടി കളത്തില്‍, ബഷീര്‍ മുഹമ്മദ് കുഞ്ഞി തുടങ്ങിയ 31 അംഗ കമ്മിറ്റിയെയാണ് നോമിനേറ്റ് ചെയ്തിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഉര്‍ദു സംസാരിക്കുന്ന ഹനഫി വിഭാഗം വസിക്കുന്ന ഉപ്പള കേന്ദ്രമായാണ് ഉര്‍ദു അക്കാദമി. ഉര്‍ദു ഭാഷയുടെ പ്രോല്‍സാഹനത്തിനും സാംസ്‌കാരിക പുരോഗതിക്കും വേണ്ടിയാണ് അക്കാദമി അനുവദിച്ചത്.
ഫണ്ടില്ലാത്തതിനാല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം അവതാളത്തിലാണ്. അക്കാദമിയുടെ കീഴില്‍ വിവിധ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഉപ്പളയില്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇത് അക്വയര്‍ ചെയ്യാനോ മറ്റു പദ്ധതികള്‍ക്ക് അംഗീകാരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. എംഎല്‍എയുടെ നിര്‍ബന്ധപ്രകാരം മാത്രമാണ് 25 ലക്ഷം രൂപ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്.
മഞ്ചേശ്വരം, ഉപ്പള, ബന്തിയോട്, എരിയാല്‍, ബേക്കല്‍, കോട്ടിക്കുളം, കാഞ്ഞങ്ങാട് ഭാഗങ്ങളില്‍ പതിനായിത്തോളം ഹ നഫി വിഭാഗക്കാരുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയില്‍ ഉര്‍ദു ഭാഷ സംസാരിക്കുന്ന ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ഫരീദ സക്കീര്‍ അഹമദിനെ ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മഞ്ചേശ്വരം, മംഗല്‍പാടി പഞ്ചായത്തുകളിലായി ലീഗിന് ഒന്നിലേറെ അംഗങ്ങള്‍ ഹനഫി വിഭാഗത്തില്‍ നിന്നുണ്ട്. ഇവരേയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Next Story

RELATED STORIES

Share it