palakkad local

ഫണ്ടില്ലെന്ന കാരണംസ്‌കോളര്‍ഷിപ്പ് നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

പാലക്കാട്: ആവശ്യാനുസരണം ഫണ്ടില്ലെന്ന് പറഞ്ഞ് ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കുള്ള ധനസഹായം നിഷേധിച്ചാല്‍ അത് ഭരണഘടനാ ലംഘനമാകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. തൊഴിലില്ലായ്മ, വാര്‍ധക്യം, രോഗം, അംഗവൈകല്യം എന്നീ അവസ്ഥകളില്‍ ജോലിക്കും വിദ്യാഭ്യാസത്തിനും പൊതു സഹായത്തിനുമുള്ള അവകാശം ഉറപ്പുവരുത്താന്‍ ഫലപ്രദമായ വ്യവസ്ഥയുണ്ടാക്കണമെന്ന് ഭരണഘടനയുടെ 41-ാം അനുഛേദം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറക്കരുതെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്‌കോളര്‍ഷിപ്പായി വര്‍ഷം 28,000 രൂപ നല്‍കണമെന്നും എന്നാല്‍ ചെര്‍പ്പുളശേരി നഗരസഭ ധനസഹായം നല്‍കുന്നില്ലെന്നും ആരോപിച്ച് എ സ്വയംപ്രഭ നല്‍കിയ പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ ചെര്‍പ്പുളശേരി നഗരസഭാ സെക്രട്ടറിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.
തനത് ഫണ്ട് വരുമാനം കുറഞ്ഞ നഗരസഭയാണ് ചെര്‍പ്പുളശേരിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  2017-18 സാമ്പത്തികവര്‍ഷം ശാരീരിക- മാനസിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 8,92,000 രൂപ വകയിരുത്തിയിരുന്നു.
മാനസിക വൈകല്യമുള്ള 54 വിദ്യാര്‍ത്ഥികള്‍ക്കും ശാരീരിക വൈകല്യമുള്ള 20 വിദ്യാര്‍ത്ഥികള്‍ക്കും തുക അനുവദിച്ചിരുന്നു. നഗരസഭയുടെ ബജറ്റ് വിഹിതം വര്‍ധിപ്പിക്കുന്ന മുറയ്ക്ക് മാത്രമേ വര്‍ദ്ധിപ്പിച്ച നിരക്കില്‍ സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ കഴിയുകയുള്ളൂവെന്ന് കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഭരണഘടനാ ഭേദഗതിയിലൂടെ അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാവുകയും നഗരസഭകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ ലഭ്യമാവുകയും ചെയ്തിട്ട് കാല്‍ നൂറ്റാണ്ടായതായി കമ്മീഷന്‍ ചൂണ്ടികാണിച്ചു. സ്വന്തം ധനാഗമമാര്‍ഗ്ഗങ്ങള്‍ പുഷ്ടിപ്പെടുത്താനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള ഉത്തരവാദിത്വം നഗരസഭാ കൗണ്‍സിലുകള്‍ക്കുണ്ട്.
അര്‍ഹരായവര്‍ക്ക് ഉചിതമായ സഹായമെത്തിക്കാന്‍ സാമ്പത്തിക ഭദ്രത അനിവാര്യമാണെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പായി 28,500 രൂപ നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  ഇതിനാവശ്യമായ നടപടികള്‍ ചെര്‍പ്പുളശേരി നഗരസഭാ സെക്രട്ടറി കാലതാമസം കൂടാതെ സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it