malappuram local

ഫഌഷ് മോബ്: കേസെടുത്തു

മലപ്പുറം: എയ്ഡ്‌സ് ദിനാചരണബോധവത്കരണത്തിന്റെ ഭാഗമായി മലപ്പുറം ടൗണില്‍ ഫഌഷ് മൊബ് നടത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ അപവാദ പ്രചാരണം നടത്തിയ സംഭവത്തില്‍ മലപ്പുറം പോലിസ് സ്വമേധയാ കേസെടുത്തു. ചാനലുകളിലും സമൂഹമാധ്യമത്തിലും പോലീസ് നേരിട്ടു നിരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ആറ് ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെയാണ് മലപ്പുറം എസ്‌ഐ ബിനു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമൂഹമാധ്യമങ്ങളിലെ പ്രചാരണം നിരീക്ഷിച്ചു കൂടുതല്‍ പേരെ  കേസില്‍ പ്രതിചേര്‍ക്കുമെന്നു അദ്ദേഹം പറഞ്ഞു. ഏഴു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്. ശിരോവസ്ത്രം ധരിച്ച പെണ്‍കുട്ടികള്‍ മലപ്പുറം ടൗണില്‍ ഫഌഷ് മൊബ് സംഘടിപ്പിച്ചതിനെതിരെ അപവാദ പ്രചാരണങ്ങളുമായി സമൂഹമാധ്യമങ്ങളിലും മറ്റുമായി നിരവധി പേര്‍ രംഗത്തു വന്നിരുന്നു.  വിഭാഗീയതയും കലാപവുമുണ്ടാക്കാനുള്ള ശ്രമം, സ്ത്രീകള്‍ക്കെതിരായ അപവാദ പ്രചാരണം, അശ്ലീല പദപ്രയോഗം തുടങ്ങിയവയ്‌ക്കെതിരായ വകുപ്പുകള്‍  പ്രകാരമാണ് കേസ്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും എസ്‌ഐ  അറിയിച്ചു. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേത്തെത്തുടര്‍ന്നാണ്  കേസെടുത്തത്. ഡിസംബര്‍ ഒന്നിനു ആരോഗ്യവകുപ്പിന്റെ  ജില്ലാതല എയ്ഡ്‌സ് ബോധവത്ക്കരണ റാലിയുടെ ഭാഗമായാണ് മലപ്പുറം ടൗണില്‍  സ്വകാര്യ കോളജിലെ ഏതാനും പെണ്‍കുട്ടികള്‍  ഫഌഷ് മൊബ് നടത്തിയത്.
Next Story

RELATED STORIES

Share it