kozhikode local

ഫഌറ്റ് നിര്‍മാണം: പൊക്കുന്നില്‍ നാലു കിണറുകള്‍ കൂടി മലിനമായി

പൊക്കുന്ന്: ഫഌറ്റ് നിര്‍മാണത്തെ തുടര്‍ന്ന് പൊക്കുന്നിലെ നാലു കിണറുകള്‍ കൂടി മലിനമായതായി ആക്ഷേപം. കെ ഇത്താന്‍കോയ, മാധവിയമ്മ, വാഴയില്‍ ഹസ്സന്‍, അബ്ദുല്‍ ജബ്ബാര്‍ എന്നിവരുടെ കിണറുകളാണ് മലിനമായി ഉപയോഗശൂന്യമായത്.
പൊക്കുന്ന് നൊച്ചിക്കാട്ട് പറമ്പില്‍ 1.10 ഏക്കര്‍ സ്ഥലത്താണ് ഫഌറ്റ് നിര്‍മാണം നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പൈലിങ് പ്രവൃത്തി ആരംഭിച്ചപ്പോള്‍ തന്നെ സമീപത്തെ നാല് കിണറുകള്‍ മലിനമായിരുന്നു.
ഇതേതുടര്‍ന്ന് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റിയുടെ പരാതി പ്രകാരം കോഴിക്കോട് കോര്‍പ്പറേഷനും സര്‍ക്കാരും നിര്‍മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുന്നതില്‍നിന്നും ഉടമകളെ വിലക്കിയിരുന്നു.
താല്‍ക്കാലിക അനുമതി വാങ്ങി പോലിസ് സംരക്ഷണത്തിലാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്രശ്‌നങ്ങള്‍ പഠനവിധേയമാക്കി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ടുപോകാമെന്ന ആര്‍ഡിഒയുടെ നിര്‍ദേശവും അവഗണിച്ച് പ്രവൃത്തി നടത്തിയതാണ് വീണ്ടും കിണര്‍ മലിനമാകുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it