kannur local

ഫഌക്‌സ് നിരോധനം ശക്തമായി തുടരാന്‍ ആസൂത്രണ സമിതി തീരുമാനം

കണ്ണൂര്‍: പൊതുസ്ഥലങ്ങളില്‍ ഫഌക്‌സ് ഉള്‍പ്പെടെയുള്ള ബോര്‍ഡുകളും ഹോര്‍ഡിങുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 10ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.
റോഡരികുകളിലും കവലകളിലും വൈദ്യുതിത്തൂണുകളിലും ഫഌക്‌സ് ഉള്‍പ്പെടെയുള്ള പരസ്യബോര്‍ഡുകള്‍, പ്രചാരണ ബാനറുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നവര്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി വ്യക്തമാക്കി. അല്ലാത്തപക്ഷം നടപടി സ്വീകരിക്കണം. ആദ്യപടിയായി നോട്ടീസ് നല്‍കി പിഴ ഈടാക്കണം. ഇവ നീക്കുന്നതിനുള്ള ചെലവും സ്ഥാപിച്ചവരില്‍നിന്ന് ഈടാക്കണം.
തങ്ങളുടെ തദ്ദേശസ്ഥാപന പരിധിയില്‍ അനധികൃത ബോര്‍ഡുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് സെക്രട്ടറിമാര്‍ക്കാണെന്ന് ഹൈക്കോടതി വിധിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിച്ച നടപടികള്‍ അടുത്ത യോഗത്തില്‍ റിപോര്‍ട്ട് ചെയ്യാനും കലക്ടര്‍ നിര്‍ദേശം നല്‍കി. മാലിന്യനിര്‍മാര്‍ജ്ജനത്തിന്റെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഒരുക്കുന്ന എംസിഎഫുകളും ബ്ലോക്ക് തലത്തില്‍ ഒരുക്കുന്ന ആര്‍ആര്‍എഫുകളും ജനുവരിയോടെ പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് നിര്‍ദേശിച്ചു.
എംസിഎഫുകളില്‍ ശേഖരിച്ച് ആര്‍ആര്‍എഫിലെത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് കൊണ്ടുപോവാന്‍ ക്ലീന്‍ കേരള കമ്പനി സജ്ജമാണ്. ഇതുമായി ബന്ധപ്പെട്ട് പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുമായി കമ്പനി കരാറില്‍ ഒപ്പിട്ടു. ആര്‍ആര്‍എഫുകള്‍ പ്രവര്‍ത്തനസജ്ജമാവുന്ന മുറയ്ക്ക് മറ്റു ബ്ലോക്ക് പഞ്ചായത്തുകളുമായും കരാറുണ്ടാക്കും.
എംസിഎഫും ആര്‍ആര്‍എഫും സജ്ജമാക്കാത്ത തദ്ദേശസ്ഥാപനങ്ങള്‍ അതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ ആളുകളുടെ തെറ്റിദ്ധാരണ അകറ്റാന്‍ വേണ്ടതു ചെയ്യണം.
37 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ 55.6 ശതമാനവുമായി കണ്ണൂര്‍ ജില്ല ഒന്നാമതാണെങ്കിലും എസ്‌സിപി മേഖലയില്‍ ഫണ്ട് വിനിയോഗം കുറവാണെന്നും ഇക്കാര്യത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ പി ലത, പി പി ദിവ്യ, കെ പി ജയബാലന്‍, ടടി റംല, കെ ശോഭ, പി കെ ശ്യാമള, പി ജാനകി, സുമിത്ര ഭാസ്‌കരന്‍, കെ വി ഗോവിന്ദന്‍, കെ പ്രകാശന്‍, ടി ജി അഭിജിത്ത്, ഇ കെ സോമശേഖരന്‍, സുധീഷ് തൊടുവയില്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it