Editorial

പൗരോഹിത്യത്തിന്റെ സാമ്പത്തിക ക്രമക്കേടുകള്‍

എറണാകുളം-അങ്കമാലി അതിരൂപതയുമായി ബന്ധപ്പെട്ട ചില പണമിടപാടുകളെ കുറിച്ചുള്ള പരാതികളുടെ പേരില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ ഒന്നാംപ്രതിയാക്കി കേസെടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. സഭാ പുരോഹിതരും അല്‍മായരും ഈ ആരോപണങ്ങളുടെ പേരില്‍ ചേരിതിരിഞ്ഞ് നടത്തുന്ന യുദ്ധങ്ങള്‍ സിറോ മലബാര്‍ സഭയ്ക്കുണ്ടാക്കിയ അവമതിപ്പും ചീത്തപ്പേരും ചില്ലറയല്ല. ചിലപ്പോഴൊക്കെ ലൈംഗികാപവാദക്കേസുകളില്‍ പെട്ടുപോവുന്നു എന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ സാമാന്യമായി ക്രിസ്തീയ പുരോഹിതന്മാര്‍ സമൂഹത്തില്‍ ഏറെ മാനിക്കപ്പെടുന്നവരാണ്. സ്വന്തം താല്‍പര്യങ്ങള്‍ സകലതും കര്‍ത്താവിനും സഭയ്ക്കും വേണ്ടി പരിത്യജിച്ചവരാകയാല്‍, സ്വത്തുസമ്പാദനം പോലെയുള്ള ഭൗതികകാര്യങ്ങള്‍ അവര്‍ക്കു വിഷയമാവാറില്ല. എന്നിട്ടും ആലഞ്ചേരിയെപ്പോലെയുള്ള സഭാശ്രേണിയിലെ ഏറ്റവും സമുന്നതനായ ഒരു പുരോഹിതന്‍ ഇങ്ങനെയൊരു വിവാദത്തിലകപ്പെടുന്നത് ക്രിസ്തീയ സഭകള്‍ക്കു തികച്ചും അപമാനമാണ്. കര്‍ത്താവിനെന്തിനാണ് പൊന്‍കുരിശ് എന്ന ബഷീറിന്റെ കഥാപാത്രം പൊന്‍കുരിശ് തോമയുടെ ചോദ്യത്തെയാണ് അദ്ദേഹം അപ്രസക്തമാക്കിക്കളഞ്ഞത്!
ഈ സമയത്തുതന്നെയാണ് ഉത്തരകേരള ഇടവകയുടെ സാമ്പത്തിക ഇടപാടുകളെച്ചൊല്ലി സിഎസ്‌ഐ സഭയിലും ചില തര്‍ക്കങ്ങള്‍ ഉയര്‍ന്നുവന്നത്. ഇവിടെയും ഒരു പുരോഹിതനു നേരെയാണ് ആരോപണങ്ങള്‍. സഭാ പുരോഹിതന്മാരെ സാമ്പത്തിക താല്‍പര്യങ്ങള്‍ വല്ലാതെ വഴിപിഴപ്പിക്കുമെന്നാണോ ഈ സംഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന പാഠം? കനകം മൂലവും കാമിനി മൂലവും മതമൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ പോലും എളുപ്പത്തില്‍ വഴിതെറ്റിപ്പോവുന്നത് ഒരിക്കലും മതങ്ങള്‍ക്ക് നല്ലതിനല്ല. ഈയിടെ അന്തരിച്ച പ്രഫ. ജോസഫ് പുലിക്കുന്നേല്‍, ക്രിസ്തീയസഭകളില്‍ സ്വത്ത് കൈകാര്യം ചെയ്യുന്നതിലെ അധാര്‍മികതകള്‍ക്കെതിരായി ശബ്ദമുയര്‍ത്തിയിരുന്നു. പ്രസ്തുത ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള ധനാര്‍ത്തിയാണ് ഇപ്പോഴത്തെ സംഭവങ്ങളിലൂടെ വെളിപ്പെട്ടത്. പുരോഹിതനായാലും സാധാരണക്കാരനായാലും നിയമത്തിനു മുന്നില്‍ തുല്യരാണെന്ന കോടതിയുടെ നിരീക്ഷണം ഇക്കാര്യത്തില്‍ തികച്ചും ന്യായയുക്തം തന്നെ.
മതനേതാക്കളുടെ സാമ്പത്തിക ദുരുപയോഗം ക്രിസ്തീയസഭകളുടെ മാത്രം പ്രശ്‌നമല്ല. ഹിന്ദു സന്ന്യാസിമാര്‍ നടത്തുന്ന മഠങ്ങളും ആത്മീയകേന്ദ്രങ്ങളും ഒരുപാട് പരാതികള്‍ക്കു വഴിവയ്ക്കുന്നുണ്ട്. ഇസ്‌ലാംമതത്തിലുമുണ്ട് ആത്മീയ പരിവേഷവും സംഘടനാശക്തിയും ഉപയോഗിച്ച് മതപണ്ഡിതന്മാര്‍ വന്‍തോതില്‍ സ്വത്ത് സമ്പാദിക്കുന്ന പ്രവണത. ഇങ്ങനെ സമ്പാദിച്ചുകൂട്ടുന്ന സ്വത്ത് സ്വന്തം പിന്തുടര്‍ച്ചാവകാശികള്‍ക്ക് ലഭ്യമാവുന്ന രീതിയിലാണ് പല പുരോഹിതന്മാരുടെയും കൈകാര്യകര്‍തൃത്വം. മതവും സംഘടനയുമൊക്കെ അവര്‍ക്കു മറയാണ്; ആവശ്യം കാശും പണവും സമ്പത്തും തന്നെ.
കര്‍ത്താവിനെന്തിനാ പൊന്‍കുരിശ്, പള്ളിക്കെന്തിനാ പണം, പുരോഹിതന്മാര്‍ക്കെന്തിനാ സമ്പത്ത് എന്നൊന്നും ഇനി ആരും ചോദിക്കേണ്ടതില്ല.
Next Story

RELATED STORIES

Share it