Pathanamthitta local

പൗരാവകാശത്തിന്റെ ഉള്‍ക്കാഴ്ചയില്‍ അവര്‍ വോട്ടു ചെയ്യും

പത്തനംതിട്ട: വോട്ടിങ് യന്ത്രവും സ്ഥാനാര്‍ഥികളുടെ ചിത്രവും കാണാന്‍ കാഴ്ചയില്ലെങ്കിലും അവര്‍ പൗരാവകാശത്തിന്റെ ഉള്‍ക്കാഴ്ചയില്‍ വോട്ടു ചെയ്യുമെന്നറിയിച്ചു. പത്തനതിട്ട നന്നുവക്കാട് അന്ധരുടെ ആശാകേന്ദ്രത്തിലെ അന്തേവാസികളും പൂര്‍ണമായി കാഴ്ചയില്ലാത്തവരുമായ തങ്കച്ചന്‍(65), കെ ജി രവി(58), പുരുഷോത്തമന്‍(64) എന്നിവരാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം ആദ്യമായി വിനിയോഗിക്കാനൊരുങ്ങുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി അന്ധരുടെ ആശാകേന്ദ്രത്തിലെ അന്തേവാസികളായ ഇവരുള്‍പ്പെടെ ഏഴുപേരെ ജില്ലാ കലക്ടര്‍ എസ് ഹരികിഷോറാണ് വോട്ടര്‍പട്ടികയില്‍ ചേര്‍ത്തത്. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന സ്വീപ് വോട്ടര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലൂടെ അറിഞ്ഞ അന്ധരുടെ ആശാകേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ കെന്നഡി ചാക്കോ അന്തേവാസികളുടെ പേര് ചേര്‍ക്കുന്നതിന് മുന്നോട്ടുവരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിന് ജില്ലാ കളക്ടര്‍തന്നെ നേരിട്ടെത്തി.
കോഴഞ്ചേരി താലൂക്ക് ഓഫീസിലെ വോട്ടര്‍ സഹായ കേന്ദ്രത്തില്‍വച്ച് ഓണ്‍ലൈനായാണ് ജില്ലാ കളക്ടര്‍ പുതിയ വോട്ടര്‍മാരുടെ പേര് രജിസ്റ്റര്‍ ചെയ്തത്. ഗോപാലന്‍(78), തങ്കപ്പന്‍(75), വിപിന്‍ലാല്‍(24), രാജന്‍(30), എന്നിവരുടെ പേരും വോട്ടര്‍പട്ടികയില്‍ ചേര്‍ത്തു. ഇതില്‍ തങ്കപ്പന് 60 ശതമാനം അന്ധതയുണ്ട്. വിപിന്‍ലാലിനും രാജനും സംസാരശേഷിയില്ല. രാജന്റെ കൈയ്ക്കു സ്വാധീനവുമില്ല. ഹൃദയത്തില്‍ സുഷിരമുള്ള ഗോപാലന്റെ കൈയ്ക്കും കാലിനും സ്വാധീനമില്ല.
എല്ലാവരുടെയും പേര് വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാമെന്നും സമ്മതിദാനാവകാശം എല്ലാവരും വിനിയോഗിക്കണമെന്നും കലക്ടര്‍ പറഞ്ഞു. തീര്‍ച്ചയായും വോട്ടു ചെയ്യുമെന്ന് ഏഴുപേരും കലക്ടര്‍ക്ക് ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it