പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിച്ചില്ലെങ്കില്‍ നടത്തിപ്പുകാര്‍ പിഴ നല്‍കണം

ന്യൂഡല്‍ഹി: വിവാഹങ്ങളും രാഷ്ട്രീയ യോഗങ്ങളും ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിച്ചില്ലെങ്കില്‍ ചടങ്ങിന്റെ നടത്തിപ്പുകാര്‍ പിഴ നല്‍കണമെന്ന് സര്‍ക്കാര്‍. പുതിയ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ നിയമം (2016) പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്ന് പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
പുതിയ നിയമത്തിന്റെ പരിധിയില്‍ ഗ്രാമീണ മേഖലകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രത്യേക അനുമതി നേടിയാല്‍ മാത്രമേ കച്ചവടക്കാര്‍ക്ക് പ്ലാസ്റ്റിക് സഞ്ചികള്‍ ഉപഭോക്താക്കള്‍ക്കു നല്‍കാന്‍ കഴിയൂവെന്നും നിയമം വ്യവസ്ഥചെയ്യുന്നു. പ്ലാസ്റ്റിക് സഞ്ചികളുടെ കുറഞ്ഞ കനം 40ല്‍ നിന്ന് 50 മൈക്രോണാക്കി ഉയര്‍ത്തിയിട്ടുണ്ട്. 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് സഞ്ചികള്‍ നിരോധിക്കും.
എല്ലാ മാലിന്യ സംസ്‌കരണ നിയമങ്ങളും പരിഷ്‌കരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് പ്ലാസ്റ്റിക് മാലിന്യ നിയമത്തില്‍ മാറ്റംകൊണ്ടുവന്നതെന്നും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. ഒന്നോ രണ്ടോ വര്‍ഷത്തിനിടെ പുനരുപയോഗ സാധ്യതയില്ലാത്ത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഉപയോഗവും ഇല്ലാതാക്കാന്‍ പുതിയ നിയമം സഹായകമാവുമെന്നും മന്ത്രി അറിയിച്ചു. വ്യാപാരികള്‍ നല്‍കുന്ന പ്ലാസ്റ്റിക് സഞ്ചികളില്‍ അവയുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it