wayanad local

പ്ലാസ്റ്റിക് തോരണങ്ങളും ഫഌക്‌സുകളും നിറയുന്നു

മാനന്തവാടി: ജില്ലയില്‍ നടപ്പാക്കുന്ന ഹരിതനിയമാവലി ലംഘിച്ചു ജില്ലയിലുടനീളം രാഷ്ട്രീയ, മത പരിപാടികളുടെ പ്രചാരണബോര്‍ഡുകളും കൊടിതോരണങ്ങളും നിറയുന്നു. ജില്ലയിലെ മിക്ക പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും പ്ലാസ്റ്റിക് വിമുക്തമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇവിടങ്ങളിലെല്ലാം ഇത്തരം കൊടിതോരണങ്ങളും ഫഌക്‌സ് ബോര്‍ഡുകളും നിറഞ്ഞിട്ടുണ്ട്.
സിപിഎം 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി നടന്നുവരുന്ന ബ്രാഞ്ച് തലം മുതലുള്ള സമ്മേളനങ്ങളുടെ പ്രചാരണങ്ങളിലും സമ്മേളന സ്ഥലത്തും ഹരിത നിയമാവലി പാലിക്കണമെന്നു സംസ്ഥാന സെക്രട്ടറി പാര്‍ട്ടി ഘടകങ്ങളോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതി ഏറ്റെടുത്തു നടത്തുന്നതില്‍ പാര്‍ട്ടിയും പോഷകസംഘടനകളും മുന്നിട്ടിറങ്ങുമ്പോള്‍ പാരിസ്ഥിതികാഘാതത്തിനിടയാക്കുന്നവ സമ്മേളനങ്ങളുടെ ഭാഗമായി ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഫഌക്‌സ് ബോര്‍ഡുകള്‍, ബാനര്‍, തോരണങ്ങള്‍, ഭക്ഷണത്തിനുപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവയെല്ലാം മാലിന്യപ്രശ്‌നം ഉണ്ടാക്കാത്തവയായിരിക്കണമെന്നായിരുന്നു നിര്‍ദേശം.
ബ്രാഞ്ച് തലത്തിലും ലോക്കല്‍ തലത്തിലും നിര്‍ദേശങ്ങള്‍ ഏറെക്കുറെ പാലിക്കപ്പെട്ടെങ്കിലും ഏരിയാ സമ്മേളനങ്ങള്‍ തുടങ്ങിയതോടെ പ്ലാസ്റ്റിക് നിറഞ്ഞുതുടങ്ങി. പനമരം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി തരുവണ ടൗണില്‍ പൂര്‍ണമായി പ്ലാസ്റ്റിക് വിമുക്ത പ്രചാരണോപാധികള്‍ നടപ്പാക്കിയപ്പോഴും ആറുവാള്‍, പുലിക്കാട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ടൗണ്‍ മുഴുവന്‍ പ്ലാസ്റ്റിക് തോരണങ്ങള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ടൗണിനോട് ചേര്‍ന്നു പലയിടങ്ങളിലും മുന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിമാരുടെയും മുഖ്യമന്ത്രിയുടെയും ഫോട്ടോ ഉള്‍പ്പെടുത്തിയ ഫഌക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പടയൊരുക്കം യാത്രയുടെ കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ ഇപ്പോഴും ജില്ലയുടെ പലഭാഗങ്ങളിലും അഴിച്ചുമാറ്റുക പോലും ചെയ്തിട്ടില്ല. 25നു മാനന്തവാടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്ന ഫാഷിസ്റ്റ്‌വിരുദ്ധ സംഗമത്തിന്റെ പേരിലും ഫഌക്‌സ് ബോര്‍ഡുകള്‍ തന്നെയാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന നബിദിനാഘോഷ പരിപാടികളിലും ഹരിത നിയമാവലി പാലിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ കമ്മിറ്റി മഹല്ലുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പള്ളികളിലും മദ്‌റസകളിലും ഭക്ഷണത്തിനും പായസവിതരണത്തിനും ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും തോരണങ്ങളും മണ്ണില്‍ ലയിക്കുന്നതാവണമെന്നും ഇവ പൊതുസ്ഥലങ്ങളിലോ വഴിവക്കുകളിലോ ഉപേക്ഷിക്കരുതെന്നും നിര്‍ദേശം നല്‍കുകയുണ്ടായി.
താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കിടയില്‍ പാരിസ്ഥിതിക പ്രത്യാഘാതത്തിന്റെ ഗൗരവം എത്തിക്കുന്നതിലുള്ള പരാജയവും പൊതുസ്ഥലങ്ങളിലും നിരോധിത മേഖലയിലുമെല്ലാം പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ചാലും എടുത്തുമാറ്റാന്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അലംഭാവവുമാണ് ജില്ലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വര്‍ധിക്കാനിടയാക്കിയത്.
Next Story

RELATED STORIES

Share it