kannur local

പ്ലാസ്റ്റിക് കാരി ബാഗ് വില്‍പന: ഇന്നുമുതല്‍ ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: ജില്ലയില്‍ പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ നിയമംഘനം നടത്തുന്നവരില്‍ നിന്ന് പിഴയീടാക്കുന്നത് അവസാനിപ്പിച്ച് കടയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ നടന്ന ഹരിതകേരള മിഷന്‍, പകര്‍ച്ചവ്യാധി നിയന്ത്രണം അവലോകന യോഗത്തിലാണു നിര്‍ദേശം നല്‍കിയത്. ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയെങ്കിലും റോഡരികുകളിലും ജലാശയങ്ങളിലുമെല്ലാം വീണ്ടും മാലിന്യങ്ങള്‍ കുന്നുകൂടുകയാണെന്നു മന്ത്രി പറഞ്ഞു. പകര്‍ച്ച വ്യാധി മുന്നൊരുക്കങ്ങളുടെ ഭാഗമായി 50 വീടുകള്‍ക്ക് ഒരു സ്‌ക്വാഡ് എന്ന രീതിയില്‍ ആരോഗ്യസേനയ്ക്ക് രൂപംനല്‍കും. ഒരു വര്‍ഷം മുമ്പ് കണ്ണൂരിനെ പ്ലാസ്റ്റിക് രഹിത ജില്ലയായി പ്രഖ്യാപിച്ച നടപടിയുടെ ഭാഗമായി പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ ഒരു പാട് മുന്നേറാനായെങ്കിലും ചില ദുഷ്ടശക്തികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് കുറ്റപ്പെടുത്തി. പ്ലാസ്റ്റിക് കാരിബാഗ് നിരോധനം ശക്തമാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പോലിസുകാര്‍ എന്നിവര്‍ സംയുക്തമായി ജനകീയ റെയ്ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടപ്പാക്കിയതു മുതല്‍ കോടിക്കണക്കിന് പ്ലാസ്റ്റിക് സഞ്ചികള്‍ ഒഴിവാക്കാനായതായി ജില്ലാകലക്ടര്‍ മീര്‍ മുഹമ്മദലി പറഞ്ഞു. വന്‍ജനകീയ പിന്തുണ ലഭിച്ച പദ്ധതിയെ അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുന്ന സ്ഥിതിയുണ്ടാവരുത്.  ഒരു വര്‍ഷം കഴിഞ്ഞിട്ടും നിരോധനം ലംഘിച്ച് പ്ലാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കമമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനങ്ങള്‍, ഉല്‍സവങ്ങള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയ്ക്ക് പോലിസ് അനുമതി നല്‍കുന്ന വേളയില്‍ പരിപാടിയില്‍ ഹരിതപെരുമാറ്റച്ചട്ടം പാലിക്കുമെന്ന സത്യപ്രസ്താവന ബന്ധപ്പെട്ടവരില്‍ നിന്ന് എഴുതിവാങ്ങാന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കും. ഹരിതകേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനകം നടപ്പാക്കുന്ന ശുചിത്വ-മാലിന്യനിര്‍മാര്‍ജന-ജലസംരക്ഷണ പദ്ധതികളുടെ വിശദവിവര റിപോര്‍ട്ട് (ഡിപിആര്‍) ജനുവരി 15നകം തയ്യാറാക്കി 20നകം ഭരണസമിതിയുടെ അംഗീകാരം വാങ്ങണം. പഞ്ചായത്തുകള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ ബ്ലോക്ക് തലത്തിലും മുനിസിപ്പല്‍-കോര്‍പറേഷന്‍ തലങ്ങളിലും സ്ഥാപിക്കുന്ന റിസോഴ്‌സ് റിക്കവറി സെന്ററുകളുടെ നിര്‍മാണം മാര്‍ച്ച് 31നകം പൂര്‍ത്തീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ ആസൂത്രണ സമിതി അംഗം കെ വി ഗോവിന്ദന്‍, പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംസാരിച്ചു. രാജ്യത്തെ മികച്ച 10 ഐഎഎസ് ഉദ്യോഗസ്ഥരില്‍ നാലാമത്തെയാളായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കലക്ടറെ യോഗം അഭിനന്ദിച്ചു.
Next Story

RELATED STORIES

Share it