kannur local

പ്ലാസ്റ്റിക് കാരിബാഗ് വില്‍പന : പരിശോധനയ്ക്ക് പ്രത്യേക സംഘം



കണ്ണൂര്‍: ജില്ല പ്ലാസ്റ്റിക് കാരി ബാഗ്-ഡിസ്‌പോസബിള്‍സ് വിമുക്തമായി പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടിട്ടും അവയുടെ വില്‍പനയും ഉപയോഗവും തുടരുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ ശക്തമായ നടപടി വരുന്നു. പ്ലാസ്റ്റിക് വില്‍പന കര്‍ശനമായി തടയാന്‍ ജില്ലയില്‍ പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അറിയിച്ചു. എല്ലാ പഞ്ചായത്തിലും അന്വേഷണ സംഘത്തെ നിയോഗിക്കും. ഒരു ജനപ്രതിനിധി, ശുചിത്വമിഷന്‍ അംഗം, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പോലിസ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടാവും. നഗരസഭ പരിധികളിലാണ് പരിശോധന കര്‍ശനമാക്കുക. ഏപ്രില്‍ 2 മുതല്‍ നിരോധനം നടപ്പാക്കിയ സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് വ്യാപാരികള്‍ക്ക് നല്‍കില്ല. തിങ്കളാഴ്ച മുതല്‍ സംഘം പരിശോധന ആരംഭിക്കും. പരിശോധന നടത്തി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ കണ്ടെത്തിയാല്‍ തല്‍സമയം പിഴ ഈടാക്കാനാണു തീരുമാനം. ഈമാസം 20നകം ആദ്യഘട്ട പരിശോധന പൂര്‍ത്തിയാക്കും. രണ്ടാംതവണ നടത്തുന്ന പരിശോധനയിലും പിടിക്കപ്പെടുന്ന വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനാണു തീരുമാനം. കാരിബാഗ് നിരോധനം ഗ്രാമപ്രദേശങ്ങള്‍ പദ്ധതി ഏറ്റെടുത്തപ്പോള്‍ നഗരപ്രദേശങ്ങള്‍ വേണ്ടത്ര ഗൗരവത്തോടെ കണ്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. അഞ്ചുമാസം നീണ്ട ബോധവല്‍ക്കരണം നടത്തിയിട്ടും ഇപ്പോഴും സ്വകാര്യ പരിപാടികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന ചില പരിപാടികളിലും പ്ലാസ്റ്റിക് ബൊക്കെകളും ഡിസ്‌പോസബിള്‍ വസ്തുക്കളും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാട്ടാമ്പള്ളി പരിസരത്ത് പുഴയോരങ്ങളില്‍ പ്ലാസ്റ്റിക് സഞ്ചികളില്‍ മാലിന്യനിക്ഷേപം വ്യാപകമാണെന്നും ജില്ലയിലെ പുഴകളെ സംരക്ഷിക്കാന്‍ പുഴയോരങ്ങളില്‍ സിസിടിവി സ്ഥാപിക്കാന്‍ നടപടി ഉണ്ടാവണമെന്നും ജില്ലാ ആസുത്രണ സമിതി യോഗത്തില്‍ ആവശ്യം. ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it