പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കെതിരായ നടപടികള്‍ വിശദീകരിക്കണം

കൊച്ചി: 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ക്കെതിരേ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ചട്ടങ്ങള്‍ പ്രകാരം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനും മലിനീകരണ നിയന്ത്രണ ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇത്തരം പ്ലാസ്റ്റിക് കാരിബാഗുകളുമായി ബന്ധപ്പെട്ട് എടുത്ത കേസുകളുടെയും പിടിച്ചെടുത്ത ബാഗുകളെ കുറിച്ചുള്ള വിവരങ്ങളുമാണ് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി പ്രഫ. എസ് സീതാരാമന്‍ അടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
പ്ലാസ്റ്റിക് കാരിബാഗുകളില്‍ സാധനങ്ങള്‍ വില്‍ക്കുന്ന റീട്ടെയില്‍ കച്ചവടക്കാരുടെയും തെരുവു കച്ചവടക്കാരുടെയും പക്കല്‍ നിന്ന് 4000 രൂപ പ്രതിമാസം ഈടാക്കി രജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് നേരത്തേ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പഞ്ചായത്തുകളില്‍ 50 മൈക്രോണില്‍ താഴെയുള്ളവ കണ്ടെത്താന്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യല്‍ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ 72 നഗരസഭകളില്‍ ബൈലോയായി കൊണ്ടുവന്നിട്ടുണ്ട്.
പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞ ഹരിത പെരുമാറ്റച്ചട്ടം പദ്ധതി നടപ്പാക്കി. പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനുള്ള റിസോഴ്‌സ് റിക്കവറി സെന്ററുകള്‍ തുടങ്ങുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ബോധവത്കരണം, പ്ലാസ്റ്റിക് പുനഃചംക്രമണ പദ്ധതികള്‍, പ്ലാസ്റ്റിക് മാലിന്യ നിവാരണ പദ്ധതികള്‍ എന്നിവ നടപ്പാക്കിവരുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it