palakkad local

പ്ലാസ്റ്റിക്, ഇ-മാലിന്യ സംഭരണം: ശുചിത്വ മിഷന്‍ സ്ഥലം സന്ദര്‍ശിച്ചു



ആലത്തൂര്‍: നഗരത്തിലെ പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് നിശ്ചയിച്ച സ്ഥലം ജില്ലാ ശുചിത്വമിഷന്‍ അംഗങ്ങള്‍ സന്ദര്‍ശിച്ചു. പഞ്ചായത്ത് ബസ് സ്റ്റാന്റിനു പിറകിലുള്ള ചന്തപ്പുരയിലെ ചെറിയ കടമുറികള്‍ ഒഴിപ്പിച്ച് അവിടെ കെട്ടിടം നിര്‍മിച്ച് സംഭരണ കേന്ദ്രമാകാനാണ് പഞ്ചായത്ത് ആലോചിച്ചിരുന്നത്. എന്നാല്‍ ഈ സ്ഥലം അപര്യാപ്തമാണെന്നും ചുരുങ്ങിയത് 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടമെങ്കിലും ഇതിന് വേണ്ടി വരുമെന്നും ശുചിത്വമിഷന്‍ നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ കീഴിലുള്ള ശിശുമന്ദിരം പ്രവര്‍ത്തിക്കുന്ന സ്ഥലത്തും തൃപ്പാളൂര്‍ പുതിയങ്കത്തെ ലീഗല്‍ മെട്രോളജി ഓഫിസ് പ്രവര്‍ത്തിക്കുന്ന സ്ഥലവും കണ്ടെത്തി കെട്ടിടം നിര്‍മിക്കാനാണ് നീക്കം. എന്നാല്‍ ലീഗല്‍ മെട്രോളജി ഓഫിസിന് മിനി സിവില്‍ സ്റ്റേഷനില്‍ അനുവദിച്ച കെട്ടിടത്തിലേക്ക് മാറാന്‍ അവര്‍ തയ്യാറായിട്ടില്ല. നാലാം നിലയില്‍ അനുവദിച്ച റൂമിലേക്ക് ത്രാസും കട്ടിയും ഉള്‍പ്പടെയുള്ള ഭാരസാധനങ്ങള്‍ കയറ്റിക്കൊണ്ടുവരാന്‍ ബുദ്ധിമുട്ടുകളുണ്ടെന്ന് വകുപ്പ് സിവില്‍ സ്റ്റേഷന്‍ അധികൃതരോടും പഞ്ചായത്തിനോടും അറിയിച്ചിട്ടുണ്ട്. മൂന്നു വാര്‍ഡുകളിലെ പ്ലാസ്റ്റിക്, ഇമാലിന്യങ്ങള്‍ ബസ് സ്റ്റാന്റിനു പ്ിറകിലുള്ള  പഴയ ചന്തപ്പുരയില്‍ കെട്ടിടം നിര്‍മിച്ച് അവിടെ ശേഖരിക്കും. മറ്റ് ചില വാര്‍ഡുകളിലെ മാലിന്യങ്ങള്‍ വീഴുമലയുടെ ചുവട്ടിലുള്ള ഖരമാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ യൂനിറ്റിനോട് ചേര്‍ന്ന സ്ഥലത്ത് ശേഖരിക്കാന്‍ സംവിധാനമുണ്ടാക്കും. പ്ലാസ്റ്റിക് നിരോധനം പൂര്‍ണമാകുന്നതോടെ ഈ സൗകര്യങ്ങള്‍ മതിയാവുമെന്നാണ് പഞ്ചായത്ത് ഭരണസമിതി കണക്കാക്കുന്നത്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റും ശുചിത്വമിഷന്‍ സന്ദര്‍ശിച്ചു. വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും ഉറവിട മാലിന്യ സംസ്‌കരണം പൂര്‍ണമാകുന്നതോടെ പഞ്ചായത്തിന് തലവേദനയായ മാലിന്യ സംസ്‌കരണ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it