Pathanamthitta local

പ്ലാസ്റ്റിക്‌രഹിത ശബരിമല: പ്രചാരണം ശക്തമാക്കും



പത്തനംതിട്ട: പ്ലാസ്റ്റിക് രഹിത ശബരിമല എന്ന ലക്ഷ്യംവച്ച് പ്രചാരണപ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കുമെന്ന് ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ. പത്തനംതിട്ട പ്രസ്‌ക്ലബില്‍ ശബരിമല സുഖദര്‍ശനം സംവാദം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു കലക്ടര്‍. അയ്യപ്പഭക്തരുടെ ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള ബോധവല്‍ക്കരണത്തിന് ചലച്ചിത്രതാരം മോഹന്‍ലാലിനെയും രംഗത്തിറക്കും. ഇരുമുടിക്കെട്ട് പ്ലാസ്റ്റിക് മുക്തമാക്കാനുള്ള മോഹന്‍ലാലിന്റെ അഭ്യര്‍ഥനയുടെ വീഡിയോ പമ്പയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കലക്ടര്‍  പറഞ്ഞു. പ്ലാസ്റ്റിക്കിനു പകരം കടലാസ്, ഇല, തുണി എന്നിവ ഉപയോഗിക്കുന്ന പുതിയ രീതി ഉണ്ടാകണം.  ഇതര സംസ്ഥാനങ്ങളിലും ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി 15 എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. പമ്പ, അച്ചന്‍കോവില്‍ നദികളിലായുള്ള 142 കടവുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ വില്ലേജ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അപകടസാധ്യതയുള്ള കടവുകള്‍ അടയ്ക്കും. കെ ആര്‍ പ്രഹ്ലാദന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it