kasaragod local

പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റം: ഓലപ്പായ മെടയുന്നവരുടെ ജീവിതം ദുരിതത്തില്‍

അശോകന്‍   നീര്‍ച്ചാല്‍
ബദിയടുക്ക: പ്ലാസ്റ്റികിന്റെ കടന്നു കയറ്റം മൂലം ഓലപ്പായ മെടഞ്ഞ് വില്‍പന നടത്തി ഉപജീവനം നടത്തിയിരുന്ന നിരവധി കുടുംബങ്ങള്‍ പട്ടിണിയിലേക്ക്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പായകള്‍ വിപണി കൈയടക്കിയതോടെ പരമ്പരാഗതമായി പായ മെടഞ്ഞ് ഉപജീവനം നടത്തിയിരുന്ന ജില്ലയിലെ നിരവധി പേരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്. പായ മെടയാന്‍ ആവശ്യമായ മുള്‍മുണ്ട (കൈതോല) കിട്ടാനില്ലാത്തതും ഈ തൊഴിലിന് വെല്ലുവിളി ഉയര്‍ത്തുന്നു. മുന്‍കാലങ്ങളില്‍ മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, എന്‍മകജെ, ബെള്ളൂര്‍, ദേലമ്പാടി, കാറഡുക്ക, മുളിയാര്‍, കുറ്റിക്കോല്‍, ബേഡഡുക്ക, പനത്തടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ പായ മെടഞ്ഞ് വില്‍പന നടത്തി ഉപജീവനം നടത്തിയിരുന്ന നിരവധി പേരുണ്ടായിരുന്നു. മുന്‍കാലങ്ങളില്‍ ഓലപ്പായക്ക് ഏറെ ആവശ്യക്കാറുമുണ്ടായിരുന്നു.
എന്നാല്‍ കാലം മാറിയതോടെ പ്ലാസ്റ്റിക്കിലുള്ള വിവിധ പായകള്‍ വിപണി കീഴടക്കുകയും ഇതോടെ പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയുമായിരുന്നു. പുഴക്കരകളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന മുണ്ട എന്ന പേരില്‍ അറിയപ്പെടുന്ന കൈതോല ഉപയോഗിച്ചാണ് നാടന്‍ പായകള്‍ മെടഞ്ഞ് വില്‍പന നടത്തിയിരുന്നത്.
നിര്‍മാണത്തില്‍ നിന്നും പിന്തിരിയാതെ അറുപത്തഞ്ചാം വയസ്സിലും സജീവമാവുകയാണ് കുമ്പള കുണ്ടങ്കരടുക്ക കിദൂരിലെ ഭാഗിയമ്മ. 50 വര്‍ഷങ്ങള്‍ക്ക്  മുമ്പ് കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക തുടങ്ങി അതിര്‍ത്തി ഗ്രാമങ്ങളിലെ സ്ത്രീകളുടെ ഉപജീവന മാര്‍ഗമായിരുന്നു ഓലപ്പായ നിര്‍മാണം. ഇന്ന് പലരും ഇതില്‍ നിന്ന് പിന്‍മാറിയെങ്കിലും ഭാഗിയമ്മ ഇപ്പോഴും ഈ തൊഴില്‍ തുടര്‍ന്ന് അന്നത്തിനുള്ള വക കണ്ടെത്തുകയാണ്.  വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പായ മെടഞ്ഞെടുത്താല്‍ ഒമ്പത് രൂപയാണ് ലഭിക്കാറുള്ളതെന്ന് ഭാഗിയമ്മ പറയുന്നു.
എന്നാല്‍ ഇന്നത് അമ്പത് രൂപയില്‍ എത്തി നില്‍ക്കുന്നുണ്ടെങ്കിലും മെടഞ്ഞെടുത്തു നല്‍കുന്ന ഓലപ്പായ കടകളില്‍ വില്‍ക്കുന്നത് 250 മുതല്‍ 300 രൂപവരെ വിലക്കാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മിച്ചു നല്‍കുന്ന പായക്ക് തക്കതായ കൂലി ലഭിക്കാത്തതാണ് പലരും ഈ തൊഴില്‍ ഉപേക്ഷിക്കാന്‍ കാരണമായത്. സന്ധി വാതം, പുറംവേദന തുടങ്ങിയ രോഗങ്ങള്‍ ഇത്തരം പായകളില്‍ കിടന്നാല്‍ ഭേദമാകുമെന്നാണ് പഴമക്കാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it