പ്ലാന്റേഷന്‍ നികുതി ഹെക്ടറിന് 500 രൂപയായി കുറയ്ക്കും

തിരുവനന്തപുരം: പ്ലാന്റേഷന്‍ നികുതി ഹെക്ടറിന് 700 രൂപയെന്നത് 500 രൂപയായി കുറയ്ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കാര്‍ഷികാദായ നികുതി ആദായ നികുതിക്ക് സമാനമാക്കുകയും അത് എല്ലാ കമ്പനികള്‍ക്കും ബാധമാക്കുകയും ചെയ്യും. അതായത് മൊത്തം വരുമാനത്തിന്റെ 30 ശതമാനം അടയ്ക്കണം. എന്നാല്‍, ഇക്കൊല്ലം ആരില്‍നിന്നും നികുതി ഈടാക്കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ ബജറ്റ് നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ പ്രഖ്യാപനങ്ങള്‍ നടത്തുകയായിരുന്നു മുഖ്യമന്ത്രി. സ്വര്‍ണത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന വിലക്കുറവും വില്‍പന മാന്ദ്യവും കണക്കിലെടുത്ത് അഞ്ചുവര്‍ഷം തുടര്‍ച്ചയായി കോംപൗണ്ടിങ് സ്‌കീം സ്വീകരിച്ച വ്യാപാരികള്‍ക്ക് കോംപൗണ്ടിങ് വ്യവസ്ഥയില്‍ എല്ലാവരുമായും ചര്‍ച്ചചെയ്തു നേരിയ ഇളവ് അനുവദിക്കും. ബ്രാന്‍ഡഡ് ബേക്കറി ഉല്‍പന്നങ്ങളുടെ നികുതി കുടിശ്ശിക അടയ്ക്കാനുള്ളവര്‍ ജൂണ്‍ 30നകം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രത്യേക സ്‌കീമില്‍ ചേര്‍ന്നാല്‍ പിഴയും പലിശയും ഒഴിവാക്കി നല്‍കും. ട്രേഡ് മാര്‍ക്ക് നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡഡ് ബേക്കറി ഉല്‍പന്നങ്ങള്‍ക്ക് 12.5 ശതമാനമാണ് നിലവിലെ നികുതി. ഇതുമായി ബന്ധപ്പെട്ട് ചില അവ്യക്തതകള്‍മൂലം നാലു മുതല്‍ അഞ്ചു ശതമാനം വരെ നികുതി മാത്രമേ വ്യാപാരികള്‍ അടച്ചിരുന്നുള്ളൂ. ഈ നിരക്കിലെ വ്യതിയാനംമൂലം 8.5 ശതമാനം മുതല്‍ 9.5 ശതമാനം വരെ നികുതി ഒടുക്കേണ്ടതുണ്ട്. ഈ കുടിശ്ശിക അടയ്ക്കുന്നതിനാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ സ്്കീം നടപ്പാക്കുന്നത്. അനുമാന നികുതിദായകരുടെ വിറ്റുവരവ് പരിധി 60 ലക്ഷത്തില്‍നിന്ന് 75 ലക്ഷമാക്കി ഉയര്‍ത്തും. മാധ്യമപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പ്രീമിയത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ വഹിക്കും. ഇതിലേക്കായി അധികമായി 25 ലക്ഷം രൂപയും കോട്ടയം പ്രസ്‌ക്ലബ് നവീകരണത്തിന് 10 ലക്ഷം രൂപയും വകയിരുത്തി. അവശ പത്രപ്രവര്‍ത്തക പെന്‍ഷന്‍ 2,000 രൂപയില്‍നിന്ന് 3,000 രൂപയായി വര്‍ധിപ്പിക്കും.
Next Story

RELATED STORIES

Share it