kasaragod local

പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വഴിയടച്ചു; നാട്ടുകാര്‍ ദുരിതത്തില്‍

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

മുളിയാര്‍: കേരള പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വൈവിദ്യവല്‍ക്കരണത്തിന്റെ ഭാഗമായി കശുമാവില്‍ നിന്ന് മറ്റു കൃഷിക്കായി മാറിയതോടെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ദുരിതമായി. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കമ്പി വേലികെട്ടി. ഇതോടെ നാട്ടുകാരടക്കം നിരവധി പേര്‍ ദുരിതത്തിലായി.
പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഹെലികോപ്റ്ററിലൂടെ കശുമാവില്‍ തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ ലായനി തളിച്ചതോടെ ആയിരങ്ങള്‍ക്ക് ദുരിതങ്ങള്‍ വിതച്ചിരുന്നു. ഇപ്പോള്‍ സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണ് അധികൃതര്‍. കാസര്‍കോട് എസ്‌റ്റേറ്റിന് കീഴിലുള്ള മുളിയാറിലെ ആലൂര്‍, ബാവിക്കര, മുതലപ്പാറ തുടങ്ങിയ എസ്റ്റേറ്റുകളിലുള്ള പ്രദേശങ്ങളിലാണ് വ്യാപകമായി കമ്പി വേലി കെട്ടി റോഡ് തടഞ്ഞിട്ടുള്ളത്. മുളിയാര്‍ പഞ്ചായത്തിലെ 13ാം വാര്‍ഡിലെ മുല്ലച്ചേരി അടുക്കം-പിലാവടുക്കം റോഡ് അടച്ചതോടെ പയസ്വിനി പുഴതീരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ദുരിതത്തിലായി.
ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ അടുത്ത ടൗണായ ബോവിക്കാനം, കാസര്‍കോട് എന്നിവിടങ്ങളിലെത്താന്‍ ഇപ്പോള്‍ കമ്പിവേലി അടച്ചതോടെ ദുരിതം നേരിടുകയാണ്. കൂടാതെ ബോവിക്കാനം എയുപി സ്‌കൂള്‍, ബിആര്‍എച്ച്എസ്എസ് എന്നീ വിദ്യാലയങ്ങളിലേക്കും കാസര്‍കോട് ഗവ. കോളജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഈ ഭാഗങ്ങളിലെ കുട്ടികള്‍ക്കും എത്താന്‍ ദുരിതമായിട്ടുണ്ട്. റബര്‍ എസ്റ്റേറ്റിനെ സംരക്ഷിക്കാനെന്ന പേരിലാണ് കമ്പിവേലി കെട്ടിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 75 വര്‍ഷത്തിലേറെയായി മുളിയാര്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുല്ലച്ചേരി പിലാവടുക്കം റോഡാണ് അടച്ചുപൂട്ടി സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചിട്ടുള്ളത്. വാഹന ഗതാഗതത്തിനും തടസ്സമായിരിക്കുകയാണ്. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ അതിര്‍ത്തി മേഖലയിലും കോര്‍പറേഷന്‍ പരിധിക്ക് അടുത്തുള്ള ജനവാസ കേന്ദ്രങ്ങളിലെ റോഡുകളും അതേപടി നിലനിര്‍ത്തുമെന്ന് അധികൃതര്‍ നേരത്തെ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതൊക്കെ ലംഘിക്കപ്പെടുകയാണ്. കോര്‍പറേഷന്റെ അതിര്‍ത്തി ഭാഗങ്ങളില്‍ നിരവധി പേരാണ് താമസിക്കുന്നത്. മുല്ലച്ചേരിയടുക്കം, പന്നടുക്കം, പിലാവടുക്കം, ആലൂര്‍ മീത്തല്‍, ആലൂര്‍, മുണ്ടക്കൈ, നിടുവോട്ട് തുടങ്ങിയ സ്ഥലങ്ങളിലേയെല്ലാം ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. വിശദമായി അന്വേഷണം നടത്തുമെന്ന് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ പി ഉണ്ണികൃഷ്ണന്‍ തേജസിനോട് പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ജനങ്ങളുടെ യാത്രാസഞ്ചാരം തടയുന്ന നീക്കത്തിനെതിരെ നാട്ടുകാര്‍ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ്.
Next Story

RELATED STORIES

Share it