kozhikode local

പ്ലാന്റിലെ മാലിന്യംനീക്കല്‍ വീണ്ടും തടഞ്ഞു

നാദാപുരം: ഗ്രാമപ്പഞ്ചായത്തിലെ പാലാഞ്ചോല മാലിന്യ പ്ലാന്റില്‍ നിന്ന് മാലിന്യം നീക്കല്‍ രണ്ടാം ദിവസവും തടഞ്ഞു.  പരിസരവാസികളുടെ സമരത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷമായി അടഞ്ഞ് കിടക്കുന്ന മാലിന്യ പ്ലാന്റിലെ മാലിന്യങ്ങള്‍ നിറവ് പ്രവര്‍ത്തകര്‍ കൊണ്ട് പോവുന്നതാണ് സമര സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.
കഴിഞ്ഞ വെളളിയാഴ്ച്ച നിറവ് തൊഴിലാളികളും പഞ്ചായത്ത് അധികൃതരുമെത്തി മാലിന്യങ്ങള്‍ ലോറിയിലാക്കി കൊണ്ട് പോയിരുന്നു. ഒരു ലോഡ് കൊണ്ട് പോയതിന് ശേഷം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ട തോടെ സമര സമിതി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തിരുന്നു.
പഞ്ചായത്ത് അധികതര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നാദാപുരത്ത് അന്ന് ഡിവൈഎസ്പിയോ സിഐയോ, എസ്‌ഐയോ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മാലിന്യ നീക്കം മാറ്റി വെക്കുകയായിരുന്നു. ഇന്നലെ രാവിലെ മാലിന്യം നീക്കുന്നതിറഞ്ഞ് പോലീസും, സമരസമിതി പ്രവര്‍ത്തകരും പ്ലാന്റിന് സമീപത്തെത്തി.  പതിനൊന്ന് മണിയോടെ നിറവിന്റെ തൊഴിലാളികളെത്തിയെങ്കിലും സമര സമിതി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.
പഞ്ചായത്ത് അധികൃതര്‍ ചര്‍ച്ച നടത്തിയതിന് ശേഷമേ പ്ലാന്റിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്നായിരുന്നു സമര സമിതി പ്രവര്‍ത്തകരുടെ വാദം.
എന്നാല്‍ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരമാണ് മാലിന്യം നീക്കുന്നതെന്ന് പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയെ പോലീസ് വിളിച്ച് വരുത്തുകയും, സമര സമിതി പ്രവര്‍ത്തകരുമായി അനൗദ്യോഗിക ചര്‍ച്ച നടത്തി. വ്യാഴാഴ്ച്ച പതിനൊന്ന് മണിക്ക്   പഞ്ചായത്ത് ഹാളില്‍ വെച്ച് പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച ചെയ്യാം എന്നറിയിക്കുകയും ഉണ്ടായി. തുടര്‍ന്ന് നിറവ് തൊഴിലാളികളും സമര സമിതി പ്രവര്‍ത്തകരും പിരിഞ്ഞ് പോവുകയായിരുന്നു. ഇന്ന് രാത്രി ഏഴ് മണിക്ക് സമര സമിതി പ്രവര്‍ത്തകരുടെ യോഗം പ്ലാന്റ് പരിസരത്ത് നടക്കുമെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it