Flash News

പ്ലാച്ചിമട സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി



തിരുവനന്തപുരം: പ്ലാച്ചിമടയി ല്‍ കൊക്കക്കോള കമ്പനിയുടെ പ്രവര്‍ത്തനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കുളള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് പ്ലാച്ചിമട സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചനടത്തി. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കാന്‍ 2011 ഫെബ്രുവരിയില്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ നിയമത്തിന് രാഷ്ട്രപതി വളരെ വൈകി 2015 നവംബര്‍ മാസം അനുമതി നിഷേധിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.   സമരസമിതി ഉന്നയിച്ച കാര്യങ്ങളില്‍ നിയമപരമായി ചെയ്യാന്‍ പറ്റുന്നവ പരിശോധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി. പ്രാദേശവാസികള്‍ സാമൂഹികപരമായും വിദ്യാഭ്യാസപരമായും ഏറെ ദുരിതമനുഭവിക്കുകയാണെന്നും കുടിവെളളംപോലും അന്യമാവുകയാണെന്നും സമരസമിതി നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. നിയമപരമായി ചെയ്യാവുന്ന കാര്യങ്ങള്‍ നിയമവകുപ്പ് അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ, കുടിവെളള സംബന്ധമായ വിഷയങ്ങള്‍ അതത് വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടിയെടുക്കുമെന്നും നിയമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കെ കൃഷ്ണന്‍കുട്ടി എംഎല്‍എ, നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥ്, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരിമുത്തു, സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാല്‍, എസ് ബിജു, പുതുശ്ശേരി ശ്രീനിവാസന്‍, ആര്‍ അജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it