Kollam Local

പ്ലാങ്ങോട്ടുവയല്‍ വെള്ളത്തില്‍ മുങ്ങി;18 പേരെ മാറ്റി പാര്‍പ്പിച്ചു

കരുനാഗപ്പള്ളി: ഓച്ചിറ ചങ്ങന്‍കുളങ്ങര ബ്ലോക്ക് ഓഫിസിനു കിഴക്കുവശത്തായി ഏക്കറുകണക്കിനു വിസ്തൃതിയുള്ള പ്ലാങ്ങോട്ടു വയല്‍ വെള്ളത്തില്‍ മുങ്ങി. ഇതിന് സമീപം വീടുവെച്ചു താമസിയ്ക്കുന്ന അഞ്ചോളം വീട്ടുകാര്‍ വെള്ളകെട്ടുമൂലം ഭീഷണി നേരിടുകയാണ്. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴ കാരണം വീടിനു പുറത്തിറങ്ങാന്‍ കഴിയാത്തവിധത്തിലാണ് വെള്ളം കെട്ടി നില്‍ക്കുന്നത്. കിണറ്റിലെ വെള്ളം മലിനമായി പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പറ്റാത്തവിധം ദുരിതമനുഭവിയ്ക്കുകയാണ്. വര്‍ഷങ്ങളായി റീജ്യനല്‍ കാന്‍സര്‍ സെന്ററിലെ ചികില്‍സയില്‍ കഴിയുന്ന സുശീല (50), വൃക്കരോഗിയായ ജാനകി ,ഹൃദ് രോഗിയും പാമ്പുകടിയേറ്റ് കാല്‍ വൃണമായി  ചികില്‍സയിലുള്ള പദ്മനാഭനും വെള്ളക്കെട്ടുമൂലം പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. മുട്ടിനു മുകളില്‍ വെള്ളമുള്ളതിനാല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ദുരിതത്തിലാണ്. വയലിലെ വെള്ളം ഒഴുകുന്ന ഓടയ്ക്ക് മുകളില്‍ സമീപവാസി തൊഴുത്തുപണിയുകയും ശക്തമായ മഴയില്‍ തൊഴുത്ത് ഇടിഞ്ഞുതകര്‍ന്നത് മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ടതുമാണ് വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നത്. തുടര്‍ന്ന് ആര്‍ രാമചന്ദ്രന്‍ എംഎല്‍എയും തഹസീല്‍ദാറും സ്ഥലം സന്ദര്‍ശിച്ച് അഞ്ചു വീടുകളില്‍ താമസിയ്ക്കുന്ന 18 പേരെയും സമീപമുള്ള വേലുക്കുട്ടി സ്മാരകത്തിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഉടന്‍ തന്നെ വെള്ളം ഒഴുകി പോകാനുള്ള  നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it