Kollam Local

പ്ലസ് വണ്‍ പ്രവേശനം : ജില്ലയില്‍ 39088 അപേക്ഷകള്‍



കൊല്ലം: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ വൈകീട്ട് അഞ്ചോടെ അവസാനിച്ചു. ജില്ലയില്‍ 39088 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ 512 അപേക്ഷകളും ലഭിച്ചിട്ടുണ്ട്. 36502 അപേക്ഷകളാണ് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുന്ന ശനിയാഴ്ച വരെ ലഭിച്ചിരുന്നത്. 2586 അപേക്ഷകള്‍ സിബിഎസ്ഇ ഫല പ്രഖ്യാപനത്തിന് ശേഷം ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ഏഴുവരെ അപേക്ഷകള്‍ തിരുത്താന്‍ അവസരമുണ്ടായിരിക്കും.32494 വിദ്യാര്‍ഥികളാണ് ഇക്കൊല്ലം എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. 31,078 സീറ്റുകളാണ് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറിയിലുള്ളത്. ആകെ 137 ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 61 എണ്ണം സര്‍ക്കാര്‍ മേഖലയിലും 55 എണ്ണം എയ്ഡഡും 20 എണ്ണം അണ്‍ എയ്ഡഡ് സ്‌കൂളുകളും ഒരു സ്‌പെഷ്യല്‍ സ്‌കൂളുമാണ്. ആകെയുള്ള 31,078 സീറ്റുകളില്‍ 22,074 സീറ്റുകള്‍ മെറിറ്റ് സീറ്റുകളാണ്. ഇതില്‍ തന്നെ സയന്‍സിനാണ് ഏറ്റവും കുടുതല്‍ സീറ്റുകള്‍. 11904 സീറ്റുകള്‍. കൊമേഴ്‌സിന് 6,000 സീറ്റും ഹുമാനിറ്റീസിന് 4170 സീറ്റും മെറിറ്റ് അടിസ്ഥാനത്തിലുമാണ്. മാനേജ്‌മെന്റ് വിഭാഗത്തില്‍ സയന്‍സിന് 1944, കൊമേഴ്‌സിന് 748, ഹുമാനിറ്റീസിന് 702 സീറ്റുകളാണ് ഉള്ളത്. സയന്‍സ്-840, കൊമേഴ്‌സ്-372, ഹുമാനിറ്റീസ്-288 എന്നിങ്ങനെയാണ് കമ്മ്യൂണിറ്റി വിഭാഗത്തിലുള്ള സീറ്റുകളുടെ എണ്ണം. അണ്‍ എയ്ഡഡ് വിഭാഗത്തില്‍ സയന്‍സിന് 2686 സീറ്റുകളും കൊമേഴ്‌സിന് 686 സീറ്റുകളും ഹുമാനിറ്റീസിന് 350 സീറ്റുകളും ജില്ലയില്‍ നിലവിലുണ്ട്.നിലവിലുള്ള അപേക്ഷകരില്‍ മുഴുവന്‍ പേര്‍ക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാന്‍ സാധ്യതയില്ല. പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തവര്‍ക്ക് മറ്റ് കോഴ്‌സുകളെ ആശ്രയിക്കേണ്ടിവരും. ജില്ലയില്‍ മൂന്ന് പോളിടെക്‌നിക്കുകളിലായി 600 സീറ്റുകളുണ്ട്. കൊട്ടിയം പോളിടെക്‌നിക്കില്‍ 240, എഴുകോണില്‍ 180, പുനലൂരില്‍ 180 എന്നിങ്ങനെയാണ് സീറ്റുകള്‍. എന്നാല്‍ ഇവിടങ്ങളില്‍ പ്ലസ്ടു കഴിഞ്ഞെത്തുവരും പ്രവേശനം നേടുന്നതിനാല്‍ എസ്എസ്എല്‍സിക്കാരുടെ പ്രവേശനം കുറയും. പോളിടെക്‌നിക്ക് കൂടാതെ ജില്ലയില്‍ അഞ്ച്് ഐടിഐകള്‍ നിലവിലുണ്ട്. ചന്ദനത്തോപ്പ് ഗവ.ഐടിഐ, മുളങ്കാടകം വനിതാ ഐടിഐ, തേവലക്കര ഗവ.ഐടിഐ, ഇളമാട് ഐടിഐ, ചാത്തന്നൂര്‍ ഐടിഐ എന്നിവയാണ് ജില്ലയിലെ ഐടിഐകള്‍. ഇവിടങ്ങളില്‍ 3000ത്തോളം സീറ്റുകളാണ് നിലവിലുള്ളത്. എന്നാല്‍ ഐടിഐകളിലും എസ്എസ്എല്‍സി വിജയിക്കാത്തവര്‍ക്കും എസ്എസ്എല്‍സി—ക്ക് ശേഷം മറ്റ് കോഴ്‌സുകള്‍ ചെയ്തവര്‍ക്ക് ഗ്രേഡ് മാര്‍ക്കോടെയും പ്രവേശനം ഉള്ളതിനാല്‍ എസ്എസ്എല്‍സി വിജയിച്ചെത്തുന്നവര്‍ക്ക്് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഏകദേശം പകുതിയായി കുറയുകയും ചെയ്യും. വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയ്ക്കും ജില്ലയില്‍ 3000ത്തോളം സീറ്റുകളുണ്ട്.
Next Story

RELATED STORIES

Share it