malappuram local

പ്ലസ് വണ്‍ പ്രവേശനം: ജില്ലയില്‍ ഇത്തവണയും തുടര്‍പഠനം ആശങ്കയില്‍

മലപ്പുറം: എസ്എസ്എല്‍സിയില്‍ ഫലം പുറത്ത് വരുമ്പോള്‍ ഓരോ തവണയും ജില്ലയുടെ മിടുക്കന്‍മാര്‍ ചരിത്ര വിജയം ജില്ലക്ക് സമ്മാനിക്കുമെങ്കിലും തുടര്‍ പഠനം ഇവര്‍ക്ക് പരീക്ഷണമായിമാറുകയാണ്.  പ്ലസ് വണ്ണിന് മതിയായ സീറ്റില്ലാത്തത് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കുന്നത്.
അതേസമയം, പ്രവേശന സമയത്ത് പ്ലസ് വണ്‍ സീറ്റ് കുറവ് പരിഹരിക്കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കയാണ് വിദ്യാര്‍ഥികള്‍. പ്ലസ് വണ്‍സീറ്റുകളുടെ ഗണ്യമായ കുറവ് നിലനില്‍ക്കെ മെറിറ്റ് സീറ്റുകളിലേക്കുള്ള ഏക ജാലക പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം ഇന്ന് ആരംഭിക്കും. എസ്എസ്എല്‍സിയില്‍ 77,922 പേര്‍ വിജയിച്ചപ്പോള്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 60,706 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്.കഴിഞ്ഞ തവണ വര്‍ധിപ്പിച്ച 20ശതമാനം സീറ്റുകള്‍ ഉള്‍പ്പെടയാണിത്. ഇതില്‍ 11,386 സീറ്റുകള്‍ അണ്‍ എയ്ഡഡ് മേഖലയിലാണ്. നിലവിലെ അവസ്ഥയില്‍ 17,216 വിദ്യാര്‍ത്ഥികള്‍ പ്ലസ് വണ്ണിന് പുറത്തുനില്‍ക്കേണ്ടി വരും. കഴിഞ്ഞ തവണത്തെതില്‍ നിന്നും 2.22 ശതമാനം വിജയത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്.
സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാര്‍ഥികള്‍ കൂടി എത്തുന്നതോടെ സീറ്റില്ലാത്തവരുടെ എണ്ണം ഇനിയും വര്‍ധിക്കും. കഴിഞ്ഞ വര്‍ഷം 83,920 പേരാണ് പ്ലസ് വണ്ണിനായി അപേക്ഷിച്ചിരുന്നത്. ഇതില്‍ 2,696 പേര്‍ സിബിഎസ്ഇ വിദ്യാര്‍ഥികളായിരുന്നു. കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷത്തോളം വിദ്യാത്ഥികളാണ് സീറ്റ് ലഭിക്കാതെ പുറത്തുനിന്നത്. ഇതില്‍ 20,000ത്തോളം വിദ്യാത്ഥികള്‍ ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിച്ചു.
സംസ്ഥാനത്ത് ആകെ അരലക്ഷം വിദ്യാര്‍ത്ഥികളാണ് ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്തത്. ഇത്തവണ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിച്ചില്ലെങ്കില്‍ തുടര്‍പഠനത്തിന് ഓപ്പണ്‍ സ്‌കൂളിനെ ആശ്രയിക്കേണ്ടി വരും. അതേസമയം ഐടിഐ, പോളിടെക്‌നിക്ക്, മറ്റ് കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്നവരെ കൂടി പരിഗണിച്ചാല്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ സീറ്റ് ക്ഷാമമുണ്ടാവില്ലെന്നാണ് അധികൃതരുടെ വാദം. നിലവിലുള്ള സ്‌കൂളുകളില്‍ സീറ്റ് വര്‍ധന അസാധ്യമാണ്. അസൗകര്യം തന്നെയാണ് ഇതിന് കാരണം. അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി പല എയ്ഡഡ് സ്‌കൂളുകളും സീറ്റ് വര്‍ധിപ്പിക്കാന്‍ തയ്യാറായിരുന്നില്ല.
അവസാനനിമിഷം പ്രവേശനം നേടുന്ന കുട്ടികള്‍ അക്കാദമിക നിലവാരം കുറഞ്ഞവരാകുമെന്നതാണ് എതിര്‍പ്പിന് കാരണം. സൗകര്യങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പിടിഎയുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകളുണ്ടായി. അതേസമയം അക്കാദമിക നിലവാരം കുറഞ്ഞ സ്‌കൂളുകളില്‍ കഴിഞ്ഞ വര്‍ഷവും സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു. പുതിയ ബാച്ചുകള്‍ അനുവദിച്ചാല്‍ മാത്രമേ പ്രശനത്തിന് പരിഹാരമാവൂ.
മിക്ക സ്‌കൂളുകളിലും കുട്ടികളുടെ എണ്ണത്തിനും അുസരിച്ചുള്ള ക്ലാസ്, ലാബ് സൗകര്യങ്ങള്‍ ഇപ്പോഴും പൂര്‍ണ്ണമായിട്ടില്ല.സര്‍ക്കാര്‍ സ്‌കൂളുകളില്‍ ക്ലാസ്സ് മുറികളുടെ വലിപ്പക്കുറവും ബെഞ്ച്, ഡെസ്‌ക്ക് അടക്കമുള്ളവയുടെ കുറവും മൂലം വിദ്യാര്‍ഥികള്‍ ഇപ്പോള്‍ തന്നെ ഏറെ ദുരിതമനുഭവിക്കുകയാണ്. അതിനിടയിലേക്ക് ഇനിയും നിലവിലെ സ്‌കൂളുകളില്‍ സീറ്റ് വര്‍ധിപ്പിച്ചാല്‍ ഇത് ദുരിതം മാത്രമാവും വിദ്യാര്‍ഥികള്‍ക്ക സമ്മാനിക്കുക.
സീറ്റ് കുറവ് പരിഹരിക്കുന്നതോടൊപ്പം സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ശ്രമമുണ്ടാകണമെന്നാണ് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Next Story

RELATED STORIES

Share it