malappuram local

പ്ലസ് ടു വിദ്യാര്‍ഥിയുടെ ദുരൂഹമരണം; അന്വേഷണം തൃപ്തികരമല്ലെന്ന് ബന്ധുക്കള്‍

പടന്ന (കാസര്‍കോട്): എടവണ്ണ ജാമിഅ നദ്‌വിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി പടന്ന കൊട്ടയന്താറിലെ സഹീര്‍ ദൂരൂഹ സാഹചര്യത്തില്‍ കോളജ് ഹോസ്റ്റലില്‍ മരിച്ച സംഭവത്തില്‍ ലോക്കല്‍ പോലിസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ദുരൂഹത നീക്കി യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നുമാവശ്യപ്പെട്ട് ഡിജിപി, ഉത്തരമേഖല എഡിജിപി, ലോകായുക്ത എന്നിവര്‍ക്ക് മാതാവ് പി എന്‍ സാജിത പരാതി നല്‍കിയതായി ബന്ധുക്കള്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ മുഖ്യമന്ത്രി, ജില്ലാ പോലിസ് മേധാവി, ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
മരണ ദിവസം മുതല്‍ സ്ഥാപന അധികാരികളുടെ ഭാഗത്തു നിന്നുള്ള നടപടികളും ഗൂഢ നീക്കങ്ങളും കൊലപാതകമാണെന്ന് സൂചിപ്പിക്കുന്നതായി പിതാവ് പി വി സാദിഖ് കഴിഞ്ഞ ദിവസം മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞിരുന്നു.
സഹീറിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിച്ചത് സത്യം പുറത്തു വരാതിരിക്കാനാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബലി പെരുന്നാള്‍ അവധിക്ക് ശേഷം കോളജിലേക്ക് പോയ സഹീര്‍ മരണപ്പെട്ടതായി ഈ മാസം രണ്ടിന് വൈകിട്ട് അഞ്ചരയോടെ ഹോസ്റ്റല്‍ വാര്‍ഡന്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഫോണ്‍ വരികയായിരുന്നു. സഹീര്‍ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചുവെന്നായിരുന്നു വിവരം.

Next Story

RELATED STORIES

Share it