പ്ലസ്‌വണ്‍: 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കും

തിരുവനന്തപുരം: 2016-17 അധ്യയനവര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ്‌വണ്‍ സീറ്റിന്റെ എണ്ണത്തില്‍ 20 ശതമാനം മാര്‍ജിനല്‍ വര്‍ധനവ് വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാരിന് അധികബാധ്യത വരാത്ത വിധത്തിലായിരിക്കും ഇത്.
2016-17 അധ്യയനവര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശനത്തിനായി സംസ്ഥാനത്ത് നിലവിലുള്ളത് 3,56,730 സീറ്റുകളാണ്. വിഎച്ച്എസ്ഇക്ക് 27,500 സീറ്റുകളാണ് നീക്കിവച്ചിട്ടുള്ളത്. അങ്ങനെ 3,84,230 സീറ്റുകള്‍ വരും. എന്നാല്‍, സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുറത്തുവിട്ട കണക്കുകള്‍പ്രകാരം 5,18,410 വിദ്യാര്‍ഥികളാണ് ഈ അധ്യയനവര്‍ഷം പ്ലസ്‌വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 4,53,582 പേര്‍ എസ്എസ്എല്‍സി പാസായ വിദ്യാര്‍ഥികളാണ്. 49,029 പേര്‍ സിബിഎസ്ഇ സിലബസിലും 3,700 പേര്‍ ഐസിഎസ്ഇയിലും 12,099 പേര്‍ മറ്റുള്ള വിഭാഗത്തില്‍പ്പെട്ടവരുമാണ്. സീറ്റുകളുടെ എണ്ണത്തേക്കാള്‍ അപേക്ഷകര്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് ഓരോ സ്‌കൂളുകള്‍ക്കും 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്.
മാത്യു അച്ചാടന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനായി എയര്‍ ആംബുലന്‍സ് ഉപയോഗിച്ചതിന് ചെലവായ 6 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വ്യവസായമന്ത്രി, ഗതാഗതമന്ത്രി, തുറമുഖമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, കണ്ണൂര്‍ കലക്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തും. അഡ്വ. കെ വി സോഹനെ സ്‌റ്റേറ്റ് അറ്റോര്‍ണിയായി നിയമിക്കാനും തീരുമാനമായി. പരിശീലനം പൂര്‍ത്തിയാക്കി തിരികെയെത്തിയ മിനാജ് ആലം ഐഎഎസിനെ ധനകാര്യ റിസോഴ്‌സ് വകുപ്പ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
Next Story

RELATED STORIES

Share it