പ്ലസ്‌വണ്‍ പ്രവേശനം: അനധികൃതപിരിവ് നടത്തിയാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസുകളേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ ഫീസ് ഈടാക്കുകയോ, അനധികൃതമായി പിരിവ് നടത്തുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ അത്തരം സ്‌കൂള്‍ അധികാരികള്‍ക്കെതിരേ കര്‍ശനമായ നടപടി കൈക്കൊള്ളുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്.

സ്‌കൂള്‍ ഫീസ്, പിടിഎ ഫണ്ട് തുടങ്ങിയവ അടച്ചുകഴിഞ്ഞാല്‍ സുകൂള്‍ അധികൃതരില്‍ നിന്നു വിദ്യാര്‍ഥികള്‍ ഇവയ്ക്കുള്ള രസീതുകള്‍ ചോദിച്ചു വാങ്ങണം. പിടിഎ ഫണ്ട് നല്‍കിയവരുടെ വിശദാംശങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പിടിഎ അംഗത്വഫീസ് പ്രതിവര്‍ഷം 100 രൂപയാണ്.
അംഗത്വഫീസും സര്‍ക്കാര്‍ നിയമപ്രകാരം നിര്‍ദേശിച്ചിട്ടുള്ള ഫീസും അല്ലാതെ മറ്റൊരു ഫീസും ഒടുക്കാന്‍ രക്ഷിതാക്കള്‍ ബാധ്യസ്ഥരല്ല. മുന്‍ വര്‍ഷത്തെ പിടിഎ ജനറല്‍ ബോഡിയോഗ തീരുമാനപ്രകാരം സ്‌കൂളിലെ അക്കാദമിക് ആവശ്യങ്ങള്‍ക്കായി പരമാവധി 400 രൂപ ഫണ്ട് ശേഖരിക്കാം. എന്നാല്‍, ഒരു രക്ഷിതാവിനെയും ഈ തുക കൊടുക്കാന്‍ നിര്‍ബന്ധിക്കരുത്. ഈ തുക കൊടുക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിക്കാനും പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല പ്രിന്‍സിപ്പലിനാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it