Flash News

പ്ലസ്‌വണ്ണിന് 4,20,000 സീറ്റുകള്‍; സേ പരീക്ഷ 21 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മറ്റന്നാള്‍ മുതല്‍ അപേക്ഷിക്കാം

പ്ലസ്‌വണ്ണിന് 4,20,000 സീറ്റുകള്‍;  സേ പരീക്ഷ 21 മുതല്‍; പുനര്‍മൂല്യനിര്‍ണയത്തിന് മറ്റന്നാള്‍ മുതല്‍ അപേക്ഷിക്കാം
X


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്ലസ് വണ്ണിന് 4,20,000 സീറ്റുകളാണുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചു. പോളിടെക്‌നിക്, വിഎച്ച്എസ്ഇ, ഐടിഐ കോഴ്‌സുകള്‍ക്ക് പുറമെയാണിത്. വിഎച്ച്എസ്ഇയില്‍ എന്‍എസ്‌ക്യുഎഫ് (നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍സ് ഫ്രെയിംവര്‍ക്ക്) നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണ്. ഹയര്‍സെക്കന്‍ഡറി ലയനം നടപ്പാക്കും. ഇതു സംബന്ധിച്ച് അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തി അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും പരീക്ഷാ പരിഷ്‌കരണത്തിന്റെയും ഫലമായി കുട്ടികളില്‍ ആത്മവിശ്വാസം വര്‍ധിച്ചതാണ് എസ്എസ്എല്‍സിക്ക് നല്ല വിജയമുണ്ടാകാന്‍ കാരണം. ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അധ്യാപകരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
അതേസമയം, എസ്എസ്എല്‍സി, എസ്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) ടിഎച്ച്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി (ഹിയറിങ് ഇംപയേര്‍ഡ്) എഎച്ച്എസ്എല്‍സി പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ 21 മുതല്‍ 25 വരെ നടക്കും. ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടും മാര്‍ച്ചില്‍ പരീക്ഷയെഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് 10 വരെ സമര്‍പ്പിക്കാം.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകള്‍ മറ്റന്നാള്‍ മുതല്‍ പത്തിന് വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റ് ഔട്ടും ഫീസും അപേക്ഷകന്‍ അതാത് സ്‌കുളുകളിലെ പ്രഥമാധ്യാപകര്‍ക്ക് 10ന് വൈകീട്ട് അഞ്ചിന് മുമ്പേ നല്‍കിയിരിക്കണം. അപേക്ഷകളില്‍ പ്രധാനാധ്യാപകന്‍ 11ന് വൈകീട്ട് അഞ്ചിന് മുമ്പേ ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം മേയ് 31 നകം പരീക്ഷാഭവന്‍ ബെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും മെയ് 31നകം നല്‍കുന്നതാണ്.
Next Story

RELATED STORIES

Share it