പ്ലസ്ടു അധ്യാപക നിയമനത്തില്‍ വന്‍ തട്ടിപ്പെന്ന് ആക്ഷേപം

കൊച്ചി: അങ്കമാലി അതിരൂപതയ്ക്കു കീഴിലെ സ്‌കൂളുകളിലെ പ്ലസ്ടു അധ്യാപക നിയമനത്തില്‍ വന്‍ തട്ടിപ്പ് നടന്നതായി ആക്ഷേപം. മെറിറ്റ് അടിസ്ഥാനമാക്കാതെ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി വന്‍ തുക കോഴ വാങ്ങി അധ്യാപകരെ നിയമിക്കുകയായിരുന്നുവെന്ന് അയിരൂര്‍ മാഞ്ഞാളി വീട്ടില്‍ അമ്പിളി ജോ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
അതിരൂപത കോര്‍പറേറ്റ് മാനേജ്‌മെന്റിന് കീഴിലെ തിരുമുടിക്കുന്ന്, മുട്ടം, മേലൂര്‍, തൃക്കാക്കര, അയിരൂര്‍, പുത്തന്‍പള്ളി, എഴുപുന്ന സ്‌കൂളുകളിലേക്കായി നൂറോളം അധ്യാപകരുടെ ഒഴിവുണ്ടായിരുന്നു. 2013 ജൂലൈ 18നു സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം അടിസ്ഥാനമാക്കി ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം നടത്തേണ്ടിയിരുന്നത്. ഇന്റര്‍വ്യൂവിന് 10 മാര്‍ക്ക് മാത്രമാണുള്ളത്. ബാക്കി അക്കാദമിക് മെറിറ്റിനാണ്. ഈ മാര്‍ഗനിര്‍ദേശം മറികടക്കാന്‍ എഴുത്ത് പരീക്ഷ നടത്തുകയായിരുന്നു അധികൃതര്‍ ചെയ്തത്. ഇതാവട്ടെ വെറും പ്രഹസനമായിരുന്നുവെന്ന് അമ്പിളി പറയുന്നു. പണം വാങ്ങി നേരത്തെ ഗസ്റ്റ് ലക്ചറര്‍മാരായി ജോലിയില്‍ കയറ്റിയ ആളുകള്‍ക്ക് സ്ഥിരം നിയമനം തരപ്പെടുത്തുന്നതിനായിരുന്നുവെന്നു കംപ്യൂട്ടര്‍ സയന്‍സ് അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ച അമ്പിളി ജോ ആരോപിക്കുന്നു.
മുമ്പ് ഗസ്റ്റ് ലക്ചറര്‍ അഭിമുഖത്തിനു വിളിച്ചപ്പോള്‍ത്തന്നെ ഏജന്‍സിയുടെ ചുമതലയുള്ള വൈദികന്‍ 15 ലക്ഷം രൂപ നല്‍കിയാല്‍ ജോലി പരിഗണിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പണം ഇല്ലാത്തതിനാല്‍ നല്‍കാന്‍ കഴിഞ്ഞില്ല. പകരം മൂന്നുപേര്‍ പണം നല്‍കി ഗസ്റ്റ് അധ്യാപക ജോലി സ്വന്തമാക്കി.
30ന് പ്രസിദ്ധീകരിച്ച റാങ്ക്‌ലിസ്റ്റ് പരിശോധിച്ചപ്പോള്‍ നേരത്തെ ഗസ്റ്റ് ലക്ചറര്‍മാരാണ് ലിസ്റ്റിലുള്ളതെന്നു ബോധ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഹയര്‍ സെക്കന്‍ഡറി ഡപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയതെന്നും അമ്പിളി പറഞ്ഞു. നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് പരാതിയുണ്ടെന്നും ഭയംമൂലം പ്രതികരിക്കാത്തതാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അഡ്വ. പോളച്ചന്‍ പുതുപ്പാറ പറഞ്ഞു. തട്ടിപ്പിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവാദ ഭൂമി ഇടപാടിനെതിരേ ആദ്യം കോടതിയെ സമീപിച്ചതും അഡ്വ. പോളച്ചനായിരുന്നു.
Next Story

RELATED STORIES

Share it