പ്ലസ്ടുവിനു ശേഷം നാലുവര്‍ഷ ബിഎഡ്: ബില്ലിന് അംഗീകാരം

ന്യൂഡല്‍ഹി: പ്ലസ്ടുവിനു ശേഷം പ്രവേശനം അനുവദിക്കുന്ന നാലുവര്‍ഷത്തെ ഏകീകൃത അധ്യാപന ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുന്ന നിയമഭേദഗതിക്ക് ലോക്‌സഭ അംഗീകാരം നല്‍കി.
അധ്യാപന വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗണ്‍സില്‍ (എന്‍സിടിഇ) ഭേദഗതി ബില്ലിനാണ് സഭ അംഗീകാരം നല്‍കിയത്. നിയമനിര്‍മാണം പൂര്‍ത്തിയായാല്‍ അടുത്ത വര്‍ഷത്തോടെ തന്നെ ബിഎ-ബിഎഡ്, ബിഎസ്‌സി-ബിഎഡ്, ബികോം- ബിഎഡ് തുടങ്ങിയ ഏകീകൃത ബിരുദ (ഇന്റഗ്രേറ്റഡ് ഡിഗ്രി) കോഴ്‌സുകള്‍ സര്‍വകലാശാലകള്‍ക്ക് ആരംഭിക്കാന്‍ സാധിക്കും.
പഞ്ചവല്‍സര എല്‍എല്‍ബി കോഴ്‌സുകള്‍ക്ക് സമാനമായാണ് പുതിയ ഏകീകൃത ബിഎഡ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്.
സ്‌കൂള്‍ പഠനം പൂര്‍ത്തിയായാല്‍ തന്നെ അധ്യാപന കോഴ്‌സിലേക്ക് പോവാന്‍ ഇതു വിദ്യാര്‍ഥികളെ സഹായിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രവിശങ്കര്‍ പ്രസാദ് സഭയില്‍ അഭിപ്രായപ്പെട്ടു.
ശബ്ദവോട്ടോടെയാണ് ബില്ലിന് സഭ അംഗീകാരം നല്‍കിയത്.
അതേസമയം, അടിസ്ഥാന സൗകര്യ വികസനപദ്ധതികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ കരാറുകള്‍ വേഗത്തില്‍ നടപ്പാക്കുന്നതിനുള്ള സ്‌പെസിഫിക് റിലീഫ് ഭേദഗതി ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. ബില്ലിന് ലോക്‌സഭ നേരത്തേ അംഗീകാരം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it