പ്രൈമറി സ്‌കൂളുകളിലും ഇനി കെഇആര്‍ വേണം

മടവൂര്‍  അബ്ദുല്‍ ഖാദര്‍
ഇരിക്കൂര്‍ (കണ്ണൂര്‍): അടുത്ത അധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരാവാന്‍ കേരള വിദ്യാഭ്യാസ ചട്ടം (കെഇആര്‍) പാസാവണം. നിലവില്‍ ഹൈസ്‌കൂള്‍ തലങ്ങളില്‍ മാത്രമാണു കെഇആര്‍ പാസാവണമെന്ന് നിര്‍ബന്ധമുള്ളത്. ഇതു നൂറുകണക്കിന് അധ്യാപകരുടെ പ്രധാനാധ്യാപക പ്രമോഷന്‍ നഷ്ടപ്പെടുത്തിയേക്കും. കെഇആര്‍ പാസായവരില്ലെങ്കില്‍ പ്രസ്തുത സ്‌കൂളുകളില്‍ പ്രധാനാധ്യാപക തസ്തികയ്ക്കു പകരം ടീച്ചര്‍ ഇന്‍ ചാര്‍ജ് എന്ന തസ്തികയാണ് അനുവദിക്കുക.
സംസ്ഥാനത്തെ എയ്ഡഡ്, ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ പ്രധാനാധ്യാപകരാവാനുള്ള യോഗ്യതയിലാണു കേരള വിദ്യാഭ്യാസ ചട്ടം കൂടി കൂട്ടിച്ചേര്‍ത്ത് ഉത്തരവായത്. ഇതുവരെ ഇത്തരം സ്‌കൂളുകളില്‍ പ്രധാനാധ്യാപകരാവവാന്‍ പിഎസ്‌സി നടത്തുന്ന അക്കൗണ്ട് ടെസ്റ്റ് ലോവര്‍ പരീക്ഷ വിജയിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ 2011ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പ്രധാനാധ്യാപകരാവാന്‍ 12 വര്‍ഷത്തെ അധ്യാപന പരിചയവും അതതു മേഖലയിലെ ഡിപാര്‍ട്ടുമെന്റല്‍ പരീക്ഷയും കേരള വിദ്യാഭ്യാസ ചട്ടവുമാണ് യോഗ്യതയായി നിശ്ചയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് അധിക യോഗ്യതയാക്കി കെഇആര്‍ കൂടി ഉള്‍പ്പെടുത്തി 2017-18 അധ്യയന വര്‍ഷാവസാനത്തില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതിനുസരിച്ചു കേരള വിദ്യാഭ്യാസ നിയമത്തില്‍ ഭേദഗതി വരുത്തും.
പുതിയ ഉത്തരവ് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ എയ്ഡഡ് ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളിലേക്ക് പ്രമോഷന്‍ വഴി പ്രധാനാധ്യാപകരാവാന്‍ കാത്തിരിക്കുന്നവരെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇവരില്‍ ബഹുഭൂരിഭാഗവും കെഇആര്‍ യോഗ്യത ഇല്ലാത്തവരാണ്.
ഇനി കെഇആറില്‍ ഭേദഗതി വരുത്തുന്നതിനു മുമ്പു സര്‍ക്കാര്‍ ഇപ്പോള്‍ ഇറക്കിയ ഉത്തരവ് നടപ്പാക്കുന്നതിനു കേരള വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചാല്‍ ഇത്തരക്കാരുടെ പ്രധാനാധ്യാപക പ്രമോഷന്‍ നഷ്ടമാവും. സ്‌കൂളുകളില്‍ അക്കൗണ്ട് ടെസ്റ്റിനോടൊപ്പം കെഇആര്‍ ടെസ്റ്റും പാസായ ജൂനിയര്‍ അധ്യാപകരുണ്ടെങ്കില്‍ അവര്‍ക്കായിരിക്കും പ്രധാനാധ്യാപക തസ്തികയിലേക്ക് ആദ്യ പരിഗണന ലഭിക്കുക.
കെഇആര്‍ യോഗ്യതയുള്ളവര്‍ എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലില്ലാത്ത പക്ഷം അവിടങ്ങളില്‍ പ്രധാനാധ്യാപക തസ്തിക തന്നെ ഉണ്ടാവില്ല. പകരം സീനിയര്‍ അധ്യപകനെ ടീച്ചര്‍ ഇന്‍ ചാര്‍ജ് ആയി നിയമിക്കും. ഇത്തരക്കാര്‍ക്കു പ്രധാനാധ്യാപകരുടെ ശമ്പള സ്‌കെയിലോ, മറ്റു ആനുകൂല്യങ്ങളോ ലഭിക്കില്ല.
കഴിഞ്ഞ ജനുവരിയില്‍ ഡിപാര്‍ട്ടുമെന്റല്‍ പരീക്ഷ കഴിഞ്ഞതിനാലും ജൂണിനു മുമ്പ് പരീക്ഷ ഇല്ലാത്തതിനാലും ഇത്തരക്കാര്‍ക്കു കേരള വിദ്യാഭ്യാസ ചട്ടം പരീക്ഷ എഴുതാനും കഴിയില്ല. പുതിയ അധ്യയന വര്‍ഷത്തില്‍ പ്രധാനാധ്യാപക തസ്തികയിലേക്കു പ്രമോഷന്‍ കാത്തിരിക്കുന്നവരെ ഉത്തരവ് സാരമായി ബാധിക്കും.
ഇതര വകുപ്പുകളില്‍ നിരവധി പ്രമോഷന്‍ പോസ്റ്റുകളുണ്ടെങ്കിലും വിദ്യാലയങ്ങളിലെ ഏക പ്രമോഷന്‍ തസ്തികയാണു പ്രധാനാധ്യാപക തസ്തിക.
Next Story

RELATED STORIES

Share it