പ്രോസിക്യൂഷന്‍ സാക്ഷികള്‍ക്കും വിരമിച്ച പോലിസുകാര്‍ക്കുമുള്ള ബത്ത വൈകുന്നു

ടിപി ജലാല്‍

മഞ്ചേരി: സംസ്ഥാനത്ത് പ്രോസിക്യുഷന്‍ കേസുകളിലെ മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സാക്ഷികള്‍ക്കും ലഭിക്കേണ്ട കോടതി ബത്ത വൈകുന്നു. സര്‍ക്കാറില്‍ ഫണ്ടില്ലാത്തതാണത്രേ കാരണമാവുന്നത്. കിട്ടാന്‍ രണ്ട് വര്‍ഷത്തോളം വൈകുന്നതിനാല്‍ ഇപ്പോള്‍ അപേക്ഷിക്കാന്‍ പോലും മിക്കയാളുകളും തയ്യാറാവുന്നുമില്ല. പ്രോസിക്യുഷന്റെ ആവശ്യപ്രകാരം ഹാജരാവുന്ന ഇത്തരം സാക്ഷികള്‍ക്കും റിട്ടയേഡ് പോലിസുദ്യോഗസ്ഥര്‍ക്കുമാണ് സ്വന്തം പോക്കറ്റില്‍നിന്നു പണമെടുത്ത് കേസിനെത്തേണ്ടിവരുന്നത്.
പ്രോസിക്യുഷന്‍ കേസുകളില്‍ ഹാജരായാല്‍ ബത്ത ലഭിക്കുമെന്നറിയാത്തവരും നിരവധിയുണ്ട്. ഇതില്‍ പൊതുജനങ്ങളുടെ കാര്യമാണ് ഏറെ കഷ്ടം. ഇവര്‍ക്ക് ഇത്തരത്തില്‍ ബത്ത ലഭിക്കുമെന്ന് അറിയുകയോ ആരും അറിയിക്കുകയോ ചെയ്യുന്നില്ല. ഇനി അറിഞ്ഞാല്‍ തന്നെയും ആര്‍ക്ക് അപേക്ഷിക്കണമെന്ന കാര്യത്തിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ബത്തയുള്ള വിവരം കോടതിജീവനക്കാരോട് അന്വേഷിക്കുമ്പോള്‍ മാത്രമാണ് അറിയുന്നത്.
പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ കേസുകള്‍ക്ക് സാക്ഷി പറയേണ്ടിവരുന്നത് തന്നെ നിര്‍ബന്ധിതാവസ്ഥയിലാണ്. ഇതിനു പുറമെ ബത്തയ്ക്ക് വേണ്ടി അപേക്ഷിച്ചാല്‍ വീണ്ടും കോടതി കയറിയിറങ്ങേണ്ടി വരുമോയെന്ന ഭയവും പൊതുജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ അധിക പേരും അന്വേഷിക്കാന്‍ പോലും സമയം കണ്ടെത്താതെ കേസ് കഴിയുന്നതോടെ സ്ഥലം വിടുകയാണ്.
വിവരം അന്വേഷിച്ചെത്തുന്നവര്‍ക്ക് കോടതി ഓഫിസില്‍ അപേക്ഷിക്കാന്‍ നിര്‍ദേശം നല്‍കുന്നുണ്ട്. എന്നാല്‍ ചെലവായ പണം എപ്പോള്‍ ലഭിക്കുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. റിട്ടയേഡ് പോലിസുകാര്‍ക്കുള്ള ബത്തയുടെ കാര്യവും ഏകദേശം ഇതേ രീതിയില്‍ തന്നെയാണ്. ഇവര്‍ക്ക് സര്‍വീസിലുള്ളപ്പോള്‍ അതാത് പോലിസ് സ്റ്റേഷനില്‍ നിന്നും ടിഎയും ഡിഎയും വാങ്ങാം. കോടതിയില്‍ നിന്നു ലഭിക്കുന്ന കേസിന് ഹാജരായിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വച്ചാണ് അപേക്ഷിക്കുക. വിരമിച്ച പോലിസുകാര്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെങ്കിലും ഈ രേഖയുമായി എവിടെച്ചെല്ലണമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ലെന്നാണ് പോലിസുകാര്‍ പറയുന്നത്. വിരമിച്ച സ്റ്റേഷന്റെ ചുമതലയുള്ള സിഐമാര്‍ മുഖാന്തിരം അപേക്ഷിക്കാമെന്ന നിര്‍ദേശമുണ്ടെങ്കിലും ഇതിനും വ്യക്തമായ ഉത്തരം ലഭിക്കുന്നില്ല. വിവിധ കേസുകളുടെ അന്വേഷണ ചുമതലയുണ്ടായിരുന്ന എസ്‌ഐമാര്‍ വിരമിച്ച ശേഷം സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്താണ് കേസുകള്‍ക്ക് ഹാജരാവുന്നത്. പല ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്റെ പകുതി ഭാഗവും ഇത്തരത്തില്‍ ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
മണിയോര്‍ഡര്‍ വഴി മാത്രമേ ബത്ത നല്‍കുന്നുള്ളു. നേരിട്ട് പണമായി ലഭിക്കാനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവാറില്ല. വര്‍ഷങ്ങളോളം സര്‍ക്കാര്‍ കേസുകള്‍ക്കായി കോടതികള്‍ കയറിയിറങ്ങേണ്ടി വരുന്ന ചില മുന്‍ പോലിസുദ്യോഗസ്ഥര്‍ പറയുന്നു.
Next Story

RELATED STORIES

Share it