പ്രേക്ഷകര്‍ തിയേറ്ററുകളില്‍ എത്തുന്നില്ല: ബാലചന്ദ്രമേനോന്‍

കൊച്ചി: പ്രേക്ഷകര്‍ തിയേറ്ററുകളെ ഉപേക്ഷിച്ചുപോവുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് ബാലചന്ദ്രമേനോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഗൗരവത്തോടെ ചര്‍ച്ചചെയ്യപ്പെടണം. പ്രേക്ഷകരാണോ മാധ്യമപ്രവര്‍ത്തകരാണോ താനടക്കമുള്ള സിനിമാപ്രവര്‍ത്തകരാണോ അതോ ഇന്നത്തെ സാമൂഹികവ്യവസ്ഥിതിയാണോ എന്നൊക്കെ ചര്‍ച്ചചെയ്യണം.
ചലച്ചിത്രങ്ങള്‍ തിയേറ്ററുകളില്‍ വരുന്നതും പോവുന്നതും അറിയുന്നില്ല. ഭൂരിപക്ഷം തിയേറ്ററുകളിലും എത്തിനോക്കാന്‍പോലും ആളില്ലാത്ത അവസ്ഥയാണ്- ബാലചന്ദ്രമേനോന്‍ പറഞ്ഞു. ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു. മിനിമം ഗ്യാരന്റി പോലുമില്ലാത്ത സ്ഥിതിയാണ് ചലച്ചിത്രങ്ങള്‍ക്ക്. മുക്കിനും മൂലയ്ക്കും നിരവധി സിനിമാ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുമ്പോഴും തിയേറ്ററുകള്‍ കാലിയാണ്. ഈ ദുരവസ്ഥ മാറിയാല്‍ മാത്രമേ സിനിമാമേഖലയ്ക്ക് നല്ലകാലം വരുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അര്‍ഹിക്കുന്നവര്‍ക്ക് തന്നെയാണു ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ ലാല്‍ജോസടക്കം 10 സിനിമാസംവിധായകര്‍ അഭിനയിക്കുന്നുണ്ടെന്ന് മേനോന്‍ പറഞ്ഞു. സിനിമയുടെ ഡബ്ബിങ് ജോലികള്‍ നടന്നുവരുകയാണ്. സിനിമ പുറത്തിറങ്ങാന്‍ ഏറ്റവും അനുയോജ്യമായ സമയത്ത് അത് റീലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it