പ്രീമിയര്‍ ലീഗ്: വമ്പന്‍മാര്‍ക്ക് ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന 20ാം റൗണ്ട് മല്‍സരങ്ങൡ വമ്പന്‍മാര്‍ക്ക് ജയം. മുന്‍ ചാംപ്യന്‍മാരായ ആഴ്‌സനല്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളാണ് വിജയത്തോടെ മുന്നേറ്റം നടത്തിയത്. എന്നാല്‍, സീസണില്‍ മികച്ച ഫോമിലായിരുന്ന ലെസ്റ്റര്‍ സിറ്റിക്ക് സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ഇന്നലെ നടന്ന എവേ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെ തകര്‍ത്തു. ചെല്‍സിക്കു വേണ്ടി ഒസ്‌കാര്‍ (29ാം മിനിറ്റ്), വില്ല്യന്‍ (60), ഡിയേഗോ കോസ്റ്റ (66) എന്നിവര്‍ ലക്ഷ്യം കണ്ടു.
ഹോംഗ്രൗണ്ടില്‍ ആഴ്‌സനല്‍ എതിരില്ലാത്ത ഒരു ഗോളിന് ന്യൂകാസിലിനെയാണ് പരാജയപ്പെടുത്തിയത്. 72ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ ലോറെന്റ് കൊസെയ്ന്‍ലിയാണ് ഗണ്ണേഴ്‌സിന്റെ വിജയഗോള്‍ നേടിയത്. എന്നാല്‍, തുടര്‍ച്ചയായ എട്ടു മല്‍സരങ്ങളില്‍ വിജയം കൈവരിക്കാനാവാതെ വിഷമിച്ചിരുന്ന മാഞ്ചസ്റ്റര്‍ ഹോംഗ്രൗണ്ടില്‍ സ്വാന്‍സിക്കെതിരേ മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. ആന്റണി മാര്‍ട്ടിയല്‍ (47ാം മിനിറ്റ്), ക്യാപ്റ്റന്‍ വെയ്ന്‍ റൂണി (77) എന്നിവരാണ് മാഞ്ചസ്റ്ററിനു വേണ്ടി വലകുലുക്കിയത്. 70ാം മിനിറ്റില്‍ ജിഫി സിഗുര്‍ഡ്‌സന്റെ വകയായിരുന്നു സ്വാന്‍സിയുടെ ആശ്വാസ ഗോള്‍.
അതേസമയം, സെല്‍ഫ് ഗോളില്‍ പിന്നിലായിരുന്ന സിറ്റി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വാട്ട്‌ഫോര്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. എവേ മല്‍സരത്തില്‍ മുന്‍തൂക്കം നേടിയ സിറ്റിക്കായി യായ ടുറെ (82ാം മിനിറ്റ്), സെര്‍ജിയോ അഗ്വേറോ (84) എന്നിവരാണ് സ്‌കോര്‍ ചെയ്തത്. സിറ്റി താരം അലെക്‌സാണ്ടര്‍ കൊലാറോവാണ് (55ാം മിനിറ്റ്) സെല്‍ഫ് ഗോള്‍ വഴങ്ങിയത്.
ഹോംഗ്രൗണ്ടില്‍ ബേണ്‍മൗത്താണ് ലെസ്റ്ററിനെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചുകെട്ടിയത്. 59ാം മിനിറ്റില്‍ റിയദ് മഹ്‌റേഷ് പെനാല്‍റ്റി കിക്ക് പാഴാക്കിയത് ലെസ്റ്ററിന് വിനയായി. 57ാം മിനിറ്റില്‍ സിമോണ്‍ ഫ്രാന്‍സിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനെ തുടര്‍ന്ന് 10 പേരുമായാണ് ബേണ്‍മൗത്ത് പൊരുതിയത്.
മറ്റു മല്‍സരങ്ങളില്‍ സണ്ടര്‍ലാന്റ് 3-1ന് ആസ്റ്റന്‍ വില്ലയെയും വെസ്റ്റ്‌ബ്രോം 2-1ന് സ്‌റ്റോക്ക് സിറ്റിയെയും നോര്‍വിച്ച് 1-0ന് സതാംപ്റ്റനെയും പരാജയപ്പെടുത്തി. ന്യൂകാസിലിനെതിരായ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ ലെസ്റ്ററുമായുള്ള പോയിന്റ് അകലം രണ്ടാക്കി വര്‍ധിപ്പിക്കാന്‍ തലപ്പത്തുള്ള ആഴ്‌സനലിന് സാധിച്ചു.
നിലവില്‍ 20 മല്‍സരങ്ങളില്‍ നിന്ന് 42 പോയിന്റോടെയാണ് ഗണ്ണേഴ്‌സ് ലീഗില്‍ ഒന്നാംസ്ഥാനത്ത് തുടരുന്നത്. ലെസ്റ്ററിന് 40ഉം മൂന്നാമതുള്ള സിറ്റിക്ക് 39ഉം പോയിന്റാണുള്ളത്.
Next Story

RELATED STORIES

Share it