Sports

പ്രീമിയര്‍ ലീഗ്: ചെല്‍സി, സിറ്റി ജയിച്ചു; ലിവര്‍പൂളിന് സമനില

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ചെല്‍സിയും മുന്‍ ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റിയും വിജയത്തോടെ മുന്നേറ്റം നടത്തിയപ്പോള്‍ ഗ്ലാമര്‍ ടീമായ ലിവര്‍പൂളിന് സമനിലക്കുരുക്ക് നേരിട്ടു.
ഇന്നലെ നടന്ന മല്‍സരത്തില്‍ ചെല്‍സി 4-1ന് ബേണ്‍മൗത്തിനെയും സിറ്റി 4-0ന് സ്റ്റോക്ക് സിറ്റിയെയും തകര്‍ക്കുകയായിരുന്നു. എന്നാല്‍, ഹോംഗ്രൗണ്ടില്‍ രണ്ട് ഗോളിന് മുന്നില്‍ നിന്നതിനു ശേഷം ലിവര്‍പൂളിനെ 2-2ന് ന്യൂകാസില്‍ സമനിലയില്‍ പിടിച്ചുക്കെട്ടുകയായിരുന്നു. ലീഗിലെ മറ്റൊരു മല്‍സരത്തില്‍ സതാംപ്റ്റന്‍ 4-2ന് ആസ്റ്റന്‍വില്ലയെ പരാജയപ്പെടുത്തി.
എവേ മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടിയ ഇഡന്‍ ഹസാര്‍ഡാണ് ബേണ്‍മൗത്തിനെതിരേ ചെല്‍സിക്ക് മികച്ച ജയം ഒരുക്കി കൊടുത്തത്. 34, 90 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. പെഡ്രോയും വില്ല്യനും ചെല്‍സി ഗോള്‍ നേട്ടത്തില്‍ ഓരോ തവണ പങ്കാളിയായി.
സ്റ്റോക്ക് സിറ്റിക്കെതിരേ സിറ്റിക്കു വേണ്ടി കെലചി ഇനാചോ ഇരട്ട ഗോള്‍ നേടി തിളങ്ങി. 64, 74 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോള്‍. ഫെര്‍ണാണ്ടോ, സെര്‍ജിയോ അഗ്വേറോ എന്നിവര്‍ സിറ്റിക്കു വേണ്ടി ഓരോ തവണ ലക്ഷ്യംകണ്ടു.
ആദ്യപകുതിയില്‍ രണ്ട് ഗോളിന്റെ ലീഡുമായി കളംവിട്ട ലിവര്‍പൂളിന് രണ്ടാംപകുതിയില്‍ ന്യൂകാസില്‍ മറുപടി നല്‍കുകയായിരുന്നു. ലിവര്‍പൂളിനു വേണ്ടി ഡാനിയേല്‍ സറ്റുറിഡ്ജും ആദം ലല്ലാനെയും ലക്ഷ്യംകണ്ടപ്പോള്‍ പാപിസ് ഡെംബ സിസ്സെയും ജാക് കോള്‍ബാക്കും ന്യൂകാസിലിനായി ഗോളുകള്‍ തിരിച്ചടിച്ചു.
35 മല്‍സരങ്ങളില്‍ നിന്ന് 64 പോയിന്റോടെ സിറ്റി പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 34 മല്‍സരങ്ങളില്‍ നിന്ന് 47 പോയിന്റുള്ള ചെല്‍സി ഒമ്പതാം സ്ഥാനത്തേക്ക് കയറി.
ന്യൂകാസിലിനെതിരായ സമനിലയോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള അവസരമാണ് മുന്‍ ചാംപ്യന്‍മാരായ ലിവര്‍പൂളിന് നഷ്ടമായത്. 34 മല്‍സരങ്ങളില്‍ നിന്ന് 55 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ലിവര്‍പൂള്‍. 34 മല്‍സരങ്ങളില്‍ നിന്ന് 73 പോയിന്റുമായി ലെസ്റ്റര്‍ സിറ്റിയാണ് ലീഗില്‍ തലപ്പത്ത്.
Next Story

RELATED STORIES

Share it