പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാന്‍ വീണ്ടും നടപടി

കൊച്ചി:  ബന്ധുവിന് വായ്പ എടുക്കുന്നതിന് ജാമ്യം നിന്ന് ഒടുവില്‍ ബാങ്കിന്റെ ലേല നടപടികളിലൂടെ കിടപ്പാടം നഷ്ടമായപ്പോള്‍ വീടിനു മുമ്പില്‍ ചിതയൊരുക്കി നിരാഹാരസമരം നടത്തിയ പ്രീത ഷാജിക്കും കുടുംബത്തിനും വീണ്ടും ബാങ്കിന്റെ ജപ്തി നോട്ടീസ്. മരണം വരെ നിരാഹാരസമരവുമായി മുന്നോട്ടുപോയിരുന്ന പ്രീത ഷാജിയുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുന്നതുവരെയും ജപ്തി ഉണ്ടാവില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുകയും ജപ്തി തടഞ്ഞുകൊണ്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രീത ഷാജി നിരാഹാരം അവസാനിപ്പിച്ചത്.
എന്നാല്‍ പോലിസ് സഹായത്തോടെ നാളെ വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ഡിആര്‍ടിയിലെ (ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍) അഡ്വക്കറ്റ് കമ്മീഷണര്‍ നോട്ടീസ് നല്‍കിയിരിക്കുകയാണെന്ന് പ്രീത ഷാജി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈ സാഹപര്യത്തില്‍ ബാങ്കിന്റെ കുടിയിറക്ക് ഭീഷണിക്കെതിരേ ചീഫ് ജസ്റ്റിസിന് പരാതിനല്‍കിയതായും അവര്‍ പറഞ്ഞു.
നീതിക്കൊപ്പം... പ്രീത ഷാജിക്കൊപ്പം എന്നമുദ്രാവാക്യവുമായി ഇന്ന് വൈകുന്നേരം മുതല്‍ 48 മണിക്കൂര്‍ പ്രതിരോധസംഗമം സംഘടിപ്പിക്കുമെന്നു സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. ഇടപ്പള്ളി മാനത്തുംപാടത്ത് ഇന്ന് വൈകുന്നേരം അഞ്ചിന് ഡോ. പി ഗീത പ്രതിരോധസംഗമം ഉദ്ഘാടനം ചെയ്യും. മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് കമല സദാനന്ദന്‍, പ്രഫ. സാറ ജോസഫ് തുടങ്ങിയവരും സമരപ്പന്തലില്‍ എത്തും.
ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി, സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, മാനത്തുംപാടം പാര്‍പ്പിട സംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് സമരപരിപാടികള്‍ സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പി ജെ മാനുവല്‍, ഷൈജു കണ്ണന്‍, വി സി ജെന്നി പങ്കെടുത്തു.
Next Story

RELATED STORIES

Share it