Districts

പ്രീതാത്മാനന്ദയുടെ തിരോധാനവും അന്വേഷിക്കണം : ബിജു രമേശ്

തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹമരണത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിനൊപ്പം കാണാതായ പ്രീതാത്മാനന്ദയുടെ തിരോധാനവും അന്വേഷിക്കണമെന്നു ശ്രീനാരായണ ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജു രമേശ്. ശാശ്വതീകാനന്ദയുടെ മരണം സംഭവിക്കുന്ന സമയത്തു തന്നെയാണു പ്രീതാത്മാനന്ദയുടെ തിരോ—ധാനവും. അതിനാല്‍ രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണു സംശയിക്കുന്നതെന്നും ബിജു രമേശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ശ്രീനാരായണ ധര്‍മസംഘത്തിലെ അംഗവും ശിവഗിരി മഠത്തിലെ സ്വാമിയുമായിരുന്ന പ്രീതാത്മാനന്ദയെ 2005 ആഗസ്ത് എട്ടു മുതലാണ് കാണാതായത്. അദ്ദേഹത്തിന്റെ തിരോധാനം സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കാണാതായശേഷം അദ്ദേഹത്തിന്റേതായി പുറത്തുവന്ന കത്തില്‍ വെള്ളാപ്പള്ളി നടേശന്റെ പേര് പരാമര്‍ശിക്കുന്നുണ്ട്. വെള്ളാപ്പള്ളി ശിവഗിരി ഭരണം പിടിക്കാന്‍ ശ്രമിച്ചതായും അതുസംബന്ധിച്ച പണമിടപാടുകളെക്കുറിച്ചും കത്തില്‍ പരാമര്‍ശിച്ചിരുന്നു. സ്വാമി ജീവിച്ചിരിപ്പുണ്ടോ, ആരെങ്കിലും അപായപ്പെടുത്തിയോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് അന്വേഷിക്കേണ്ടത്. സ്വാമിയെ കണ്ടെത്തുന്നതിനു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്യും. ശിവഗിരി മഠം പിടിച്ചെടുക്കുന്നതിനു വെള്ളാപ്പള്ളി നടേശനും പ്രീതാത്മാനന്ദയും ചേര്‍ന്നു ഗൂഢാലോചന നടത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇവര്‍ അകന്നതോടു കൂടി വെള്ളാപ്പള്ളി പ്രീതാത്മാനന്ദയ്‌ക്കെതിരാവുകയായിരുന്നു.
ശാശ്വതീകാനന്ദയുടെ മരണത്തിനു പിന്നില്‍ ആരാണെന്നു കണ്ടെത്തുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കാവുന്നതാണ്. സിബിഐ അന്വേഷണത്തെ തങ്ങള്‍ എതിര്‍ക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണ്. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എസ്എന്‍ഡിപിയും ബിജെപിയും തമ്മിലുള്ള ധാരണ അന്വേഷണത്തെ ബാധിക്കുമോയെന്ന സംശയവുമുണ്ടെന്നും ബിജു രമേശ് പറഞ്ഞു.
Next Story

RELATED STORIES

Share it