പ്രീണന രാഷ്ട്രീയമല്ല, കേരളത്തില്‍ വേണ്ടത് മൂല്യാധിഷ്ഠിത രാഷ്ട്രീയമെന്ന് കുമ്മനം

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റായി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റു. ഇന്നലെ രാവിലെ ബിജെപി ആസ്ഥാനമായ മാരാര്‍ജി ഭവനില്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് വി മുരളീധരന്‍, പി കെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലാണ് സ്ഥാനമേറ്റത്. ആര്‍എസ്എസ് സ്‌നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവും ആവശ്യപ്പെട്ടതിനാലാണ് സ്ഥാനമേറ്റെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ പ്രീണന രാഷ്ട്രീയമല്ല, മൂല്യാധിഷ്ഠിത രാഷ്ട്രീയമാണ് വേണ്ടതെന്ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ കുമ്മനം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ പ്രീണനമാണ് ഇപ്പോള്‍ നടക്കുന്നത്. ഹിന്ദുക്കള്‍ക്ക് വാരിക്കോരി ബിജെപി കൊടുത്താലും എതിര്‍ക്കപ്പെടണം. ന്യൂനപക്ഷങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഭൂരിപക്ഷത്തിനും കിട്ടണം. അതാണ് വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കലല്ല, 71 ലധികം സീറ്റുകള്‍ നേടി അധികാരത്തിലെത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ പൊട്ടിത്തെറികളുണ്ടാവാന്‍ പോവുകയാണ്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളും ബന്ധങ്ങളുമുണ്ടാവും. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ പല സംഘടനകളും ഉള്‍പ്പെടുന്ന മൂന്നാംശക്തി ഉദയം ചെയ്തിരിക്കുകയാണ്. കേരളത്തെ രക്ഷിക്കാന്‍ ബിജെപി കര്‍മപദ്ധതി രൂപീകരിക്കും. ക്ഷേത്രങ്ങളില്‍ മാത്രമാണു രാഷ്ട്രീയക്കാരുടെ ഭരണം നടക്കുന്നത്. മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികളുടെ ഭരണത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടുന്നില്ല. ക്ഷേത്രഭരണം ഭക്തര്‍ക്ക് വിട്ടുനല്‍കണം. ക്ഷേത്രങ്ങളില്‍ താഴ്ന്ന ജാതിക്കാരെ പൂജാകര്‍മങ്ങള്‍ക്ക് നിയോഗിക്കുന്നതിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഉല്‍സവങ്ങളോട് അനുബന്ധിച്ച് മുസ്‌ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍പ്പെട്ടവരെ കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന ആര്‍എസ്എസിന്റെ അഭിപ്രായത്തെ കുമ്മനം അനുകൂലിച്ചു.
Next Story

RELATED STORIES

Share it