Editorial

പ്രിയ ശൈലജ ടീച്ചര്‍, ഈ കണ്ണട വച്ചുനോക്കൂ

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ സര്‍ക്കാര്‍ പണം ചെലവഴിച്ച് 28,800 രൂപ വില വരുന്ന കണ്ണട വാങ്ങിയതാണ്, എല്ലാം ശരിയാക്കാന്‍ ഇറങ്ങിത്തിരിച്ച പിണറായി സര്‍ക്കാരിന്റെ തൊപ്പിയിലെ പുതിയ തൂവല്‍. കണ്ണട വാങ്ങിയതിനെച്ചൊല്ലി മാത്രമല്ല പരാതി ഉയര്‍ന്നിട്ടുള്ളത്. പെന്‍ഷന്‍ വഴി സ്വന്തമായി വരുമാനമുള്ള ഭര്‍ത്താവിന്റെ അരലക്ഷം രൂപയിലധികം വരുന്ന ചികില്‍സാച്ചെലവും മന്ത്രി സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് എഴുതിയെടുത്തു. ഭക്ഷണം കഴിച്ച വകയില്‍ 3000ഓളം രൂപ വേറെ. ഇതേപ്പറ്റി ആരോപണമുയര്‍ന്നപ്പോള്‍ ശൈലജ ടീച്ചര്‍ നല്‍കിയ വിശദീകരണമാണ് രസകരം. എല്ലാം അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ പോയി പാസാക്കിക്കിട്ടിയതാണ്. അതായത്, അധികൃതരുടെ അനുവാദത്തോടു കൂടിയ ധനദുര്‍വിനിയോഗം. ജനപ്രതിനിധികള്‍ക്കു വേണ്ടി നികുതിപ്പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരില്‍ പണ്ടേയുണ്ട് വ്യാപകമായ പ്രതിഷേധം. ശമ്പളം, പെന്‍ഷന്‍, യാത്രാച്ചെലവ് എന്നിങ്ങനെ എത്രകോടി രൂപയാണ് എല്ലാവരും ചേര്‍ന്നു തിന്നുമുടിക്കുന്നത്! രോഗബാധിതരായാല്‍ ചികില്‍സ സര്‍ക്കാര്‍ വക. സര്‍ക്കാര്‍ ചെലവില്‍ ചികില്‍സ തരപ്പെടുത്താന്‍ വേണ്ടി ചീഫ് വിപ്പിന് മന്ത്രിപദവി നല്‍കിയ കഥ വരെയുണ്ട് കേരള രാഷ്ട്രീയത്തില്‍. ഇടതും വലതും കാവിയുമൊന്നും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. എന്നാല്‍, മന്ത്രി ശൈലജയുടെ കാര്യത്തില്‍ കുറേക്കൂടി ഗൗരവതരമാണ് വിഷയം. മന്ത്രിയുടെ ഭര്‍ത്താവ് എന്ന നിലയില്‍ ആശ്രിതത്വം അവകാശപ്പെട്ട് ചികില്‍സയുടെ ആനുകൂല്യം കൈപ്പറ്റിയ വ്യക്തി സ്വന്തമായി വരുമാനമുള്ള ആളാണ്. അതു ഗുരുതരമായ നിയമലംഘനമാണ്. എജി ഒാഫിസ് പാസാക്കിത്തന്നു എന്നു പറഞ്ഞ് മന്ത്രിക്ക് ഈ കുറ്റകൃത്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പറ്റുമോ? 28,000 രൂപയുടെ കണ്ണടയും 4000 രൂപയുടെ ഷൂസുമൊക്കെ ധരിക്കുന്നവരാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കളെന്നത് പുതിയ കാലത്ത് പാര്‍ട്ടിക്കു സംഭവിച്ച അപചയത്തിന്റെ പശ്ചാത്തലത്തില്‍ അതിശയമൊന്നുമല്ല. പശ്ചിമബംഗാളില്‍ ഇത്തരം ജീവിതശൈലിയുടെ പേരില്‍ ഒരു നേതാവിനെ പുറത്താക്കേണ്ടിവന്നിട്ടുപോലുമുണ്ട് പാര്‍ട്ടിക്ക്. എങ്കിലും, ഒരു കാര്യം നേതാക്കള്‍ ആലോചിക്കേണ്ടതാണ്- കട്ടന്‍ചായയും പരിപ്പുവടയും കഴിച്ച് അരപ്പട്ടിണിയുമായി ജീവിക്കേണ്ടവരല്ലെങ്കിലും ചില മിനിമം ലാളിത്യമെങ്കിലും തങ്ങള്‍ പുലര്‍ത്തേണ്ടതല്ലേ? കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഒരു പരിധിവരെയെങ്കിലും നേതാക്കള്‍ക്കു മാര്‍ഗദര്‍ശനമാവേണ്ടതില്ലേ? സര്‍ക്കാര്‍ പണം ചെലവഴിക്കുമ്പോള്‍ അതിനായിരിക്കേണ്ടേ പ്രഥമ പരിഗണന? കെ കെ ശൈലജ ടീച്ചറോട് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത് കണ്ണടയൊന്നു മാറ്റണമെന്നാണ്. 28,000ത്തിന്റെ കണ്ണടയേക്കാള്‍ പൊതുജീവിതത്തില്‍ വിശുദ്ധി പുലര്‍ത്താനും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും സഹായകമായ പുതിയൊരു കണ്ണട ടീച്ചര്‍ ധരിക്കണം. അപ്പോള്‍ ലോകാവസ്ഥ ശരിയാംവണ്ണം തെളിഞ്ഞുകിട്ടും.
Next Story

RELATED STORIES

Share it