wayanad local

'പ്രിയദര്‍ശിനി'യുടെ ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ നിലച്ചു



മാനന്തവാടി: 'പ്രിയദര്‍ശിനി' ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പ്രധാന വരുമാനമാര്‍ഗമായ മാനന്തവാടി-തിരുവനന്തപുരം സര്‍വീസുകള്‍ നിലച്ചു. രാത്രി ഏഴിന് മാനന്തവാടിയില്‍ നിന്നു പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ തിരുവനന്തപുരത്ത് എത്തുകയും അവിടെ നിന്നു രാത്രി എട്ടിന് മാനന്തവാടിയിലേക്ക് തിരിക്കുന്ന രീതിയില്‍ രണ്ടു സര്‍വീസുകളാണ് ക്രമീകരിച്ചിരുന്നത്. ഒരു സര്‍വീസ് പുര്‍ത്തിയാവുമ്പോള്‍ ശരാശരി 25,000 രൂപ വരെ കലക്ഷന്‍ ലഭിച്ചിരുന്നു. അവധിക്കാലങ്ങളിലും മറ്റും ഇത് 35,000 രൂപ വരെയായി ഉയരുകയും ചെയ്തിരുന്നു. സെമി എസി സ്ലീപര്‍ കോച്ച് ബസ്സുകളാണ് ഉപയോഗിച്ചിരുന്നത്. ഈ സര്‍വീസുകളാണ് ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് രണ്ടാഴ്ചയിലേറെയായി നിലച്ചിരിക്കുന്നത്. അതേസമയം, ഈ ബസ്സുകളുടെ സമയത്ത് തന്നെ മാനന്തവാടിയില്‍ നിന്നു തിരുവനന്തപുരത്തേക്ക് ചില സ്വകാര്യ ട്രാവല്‍സുകള്‍ രാത്രികാല സര്‍വീസ് ആരംഭിച്ചിട്ടുമുണ്ട്. പ്രിയദര്‍ശിനി എംഡി കൂടിയായ സബ് കലക്ടറുടെ ഏകാധിപത്യപരമായ തീരുമാനങ്ങളാണ് സര്‍വീസുകള്‍ നിലയ്ക്കാന്‍ കാരണമെന്നും പരാതി ഉയര്‍ന്നു. മാനന്തവാടി താലൂക്കിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന സര്‍വീസുകള്‍ റദ്ദാക്കിയതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. മാനന്തവാടി-കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍വീസ് നിലച്ചിട്ടും ഒരാഴ്ചയിലധികമായി. ഇതും എംഡിയുടെ ചില തീരുമാനങ്ങളെ തുടര്‍ന്നാണെന്നു സൂചനയുണ്ട്. ഈ രണ്ടു സര്‍വീസുകള്‍ നിലച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കോര്‍പറേഷന് ഉണ്ടായിരിക്കുന്നത്.
Next Story

RELATED STORIES

Share it