പ്രിന്‍സിപ്പലാവാന്‍ സീനിയോറിറ്റി മാത്രം മതിയോ: മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: മികച്ച ഭരണപാടവവും യാഥാര്‍ഥ്യബോധവുമില്ലാത്തവരെ കേവലം സീനിയോറിറ്റിയുടെ അടിസ്ഥാനത്തില്‍ മാത്രം കോളജ് പ്രിന്‍സിപ്പല്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ തുടങ്ങിയ പദവികളില്‍ നിയമിക്കണമോ എന്ന് സര്‍ക്കാര്‍ ആലോചിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നടന്ന ഓണാഘോഷത്തിനിടയില്‍ മലപ്പുറം സ്വദേശിനി തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ഥിനി മരിക്കാനിടയായ സംഭവത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്‍ നിര്‍ദേശം. കലാലയം ചെകുത്താന്‍ വിളയാട്ടത്തിന് വിട്ടുകൊടുത്ത ശേഷം മെയിന്‍ഗേറ്റിലെ സെക്യൂരിറ്റിക്കാരന്റെ തലയില്‍ കുറ്റമെല്ലാം ഏല്‍പിച്ച് ഉത്തരവാദപ്പെട്ടവര്‍ തലയൂരുന്നതു ശരിയല്ല. ജനാധിപത്യ സമൂഹത്തിലെ വിദ്യാലയങ്ങള്‍ നിരുത്തരവാദിത്തത്തിന്റെയും നിസ്സംഗതയുടെയും വിളനിലമാവുന്നത് ശരിയല്ല. അമിതാ ശങ്കറിന്റെയും തസ്‌നി ബഷീറിന്റെയും അകാലമരണം ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ യൂനിയനുകള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ലക്ഷ്മണരേഖ നിശ്ചയിക്കണം. പരിധിക്കപ്പുറത്തേയ്ക്ക് പോവുന്ന വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് സംഘടനകള്‍ യോജിച്ച് തീരുമാനിക്കണം.
സാഹോദര്യവും സഹിഷ്ണുതയും വിസ്മരിച്ചു കൊണ്ടുള്ള ഏകപക്ഷീയ പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ ആഴ്ന്നു പോവരുത്. ഒരാഴ്ച മുമ്പെങ്കിലും രേഖാമൂലം അറിയിപ്പു കിട്ടാത്ത പരിപാടികള്‍ക്ക് പ്രിന്‍സിപ്പല്‍ അനുമതി നിഷേധിക്കണം. പിടിഎയും വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും രണ്ടു മാസത്തിലൊരിക്കല്‍ പ്രിന്‍സിപ്പലിന്റെ സാന്നിദ്ധ്യത്തില്‍ യോഗം ചേരണം. ക്രൂരതയുടെയും കാപട്യത്തിന്റെയും അസഹിഷ്ണുതയുടെയും പരിശീലനക്കളരിയായി കോളജ് യൂനിയനുകള്‍ മാറരുതെന്നും കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it