World

പ്രാര്‍ഥനയും പൊതുസ്ഥലങ്ങളും

എ  പി  കുഞ്ഞാമു  
വെള്ളിയാഴ്ച ദിവസം പൊതുസ്ഥലങ്ങളില്‍ ജുമുഅ നമസ്‌കാരം നടത്തിയ മുസ്‌ലിംകളെ ഹരിയാനയിലെ ഗുഡ്ഗാവില്‍ ഈയിടെ ചിലര്‍ തടയുകയുണ്ടായി. ഹിന്ദു സംയുക്ത് സംഘര്‍ഷ സമിതിയാണ് പ്രാര്‍ഥന തടസ്സപ്പെടുത്താന്‍ രംഗത്തിറങ്ങിയത്. വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദള്‍, ഹിന്ദു ജാഗരണ്‍ മഞ്ച്, ശിവസേന തുടങ്ങിയ സംഘടനകളാണ് സംഘര്‍ഷ സമിതിയിലുള്ളത്. തുടര്‍ന്ന് ഹരിയാന മുഖ്യമന്ത്രിയുടെ പ്രസ്താവനയും വന്നു. പള്ളിയിലോ ഈദ്ഗാഹുകളിലോ വച്ചു നമസ്‌കാരം നടത്തിയാല്‍ മതി എന്നാണ് മുഖ്യമന്ത്രി ഖട്ടാറുടെ നിര്‍ദേശം. അവിടെ സ്ഥലം തികയുന്നില്ലെങ്കില്‍ സ്വകാര്യ സ്ഥലങ്ങളിലായിരിക്കണം പ്രാര്‍ഥന. സംഘര്‍ഷ സമിതിയുടെ സ്വഭാവവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയവും ചേര്‍ത്തുവച്ചു ചിന്തിച്ചാല്‍ ഒരു കാര്യം വ്യക്തമാവും. ബിജെപിയും സംഘപരിവാര രാഷ്ട്രീയവും മറ്റൊരു ആക്രമണമുഖം തുറക്കുകയാണ്. ഗോവധ നിരോധനമെന്ന ആവശ്യത്തിലൂടെയും മറ്റും ന്യൂനപക്ഷവിരോധം ആളിക്കത്തിക്കുകയും ജനങ്ങളെ പരസ്പരം വിഭജിച്ചുനിര്‍ത്താന്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്ത സംഘപരിവാരം പുതിയ നീക്കത്തിലൂടെ നേട്ടമുണ്ടാക്കാനാണ് സാധ്യത. ഇന്ത്യയിലെ സാമൂഹികാന്തരീക്ഷം അത്രകണ്ടു മാറിക്കഴിഞ്ഞിരിക്കുന്നു.
പ്രത്യക്ഷത്തില്‍ ഹരിയാന മുഖ്യമന്ത്രി ഖട്ടാറുടെ നിരീക്ഷണത്തില്‍ തെറ്റുപറയാനാവില്ല. മതപരമായ ആരാധനകള്‍ തികച്ചും വ്യക്തിപരമാണ്. പൊതുസ്ഥലങ്ങളിലല്ല അവ നിര്‍വഹിക്കേണ്ടത്. പൊതുജീവിതത്തിന് തടസ്സമുണ്ടാക്കുന്ന തരത്തില്‍ മതാനുഷ്ഠാനങ്ങള്‍ നടക്കുന്നതിനെ പ്രോല്‍സാഹിപ്പിച്ചുകൂടാ. അതിനാല്‍ ഓരോ മതക്കാരും അവരുടെ ആരാധനകള്‍ തങ്ങളുടെ സ്വകാര്യ സ്ഥലങ്ങളില്‍ നടത്തട്ടെ. ഇത് അംഗീകരിക്കുമ്പോഴും ഗുഡ്ഗാവിലെ സാഹചര്യങ്ങളെ മറ്റൊരു തലത്തില്‍ നിന്നുകൊണ്ടാണ് നോക്കിക്കാണേണ്ടത്. ഹരിയാനയിലെ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യവസായനഗരമാണ് ഗുഡ്ഗാവ്. ഡല്‍ഹിയുടെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പട്ടണം. വിവിധ ജാതിമതസ്ഥരായ നിരവധി പേര്‍ ദിവസവും ഗുഡ്ഗാവിലെത്തുന്നു; അവിടെ താമസിക്കുന്നു. ചെറുകിട ജോലി ചെയ്തു ജീവിക്കുന്നവരും കൂലിപ്പണിക്കാരുമായ ധാരാളം ആളുകള്‍ അക്കൂട്ടത്തില്‍പ്പെടും. ഒഴുകിയെത്തുന്ന ജനപദമാണ് ഗുഡ്ഗാവിലേത്. അവരില്‍ വലിയൊരു ഭാഗം മുസ്‌ലിംകളാണ്. സാമ്പത്തികമായി താഴെത്തട്ടില്‍ നില്‍ക്കുന്നവരാണ് ഇവര്‍. ഇവര്‍ക്കു പ്രാര്‍ഥിക്കാന്‍ മതിയായ സ്ഥലം നഗരത്തിലില്ല. ഇരുപതിലധികം പള്ളികള്‍ ഗുഡ്ഗാവിലുണ്ട്. എല്ലാം വളരെ ചെറുത്; അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തവ. കേരളീയ മാനദണ്ഡങ്ങള്‍ വച്ചു നോക്കിയാല്‍ വളരെ ശോചനീയമാണ് അവയുടെ അവസ്ഥ. ഗുഡ്ഗാവിലെ മുസ്‌ലിംകള്‍ക്കു പ്രാര്‍ഥിക്കാന്‍ ഈ പള്ളികള്‍ പോരാ. അതുകൊണ്ടാണ് അവര്‍ വെറുതെ കിടക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത്. നമസ്‌കാരത്തിനുശേഷം അവര്‍ അവരുടെ വഴിക്കു പോവുകയും ചെയ്യുന്നു.
തീര്‍ത്തും നിരുപദ്രവകരമായ ഈ പ്രാര്‍ഥനയെ സംഘപരിവാരം തടയുന്നത് എന്തിനാണ്? ഗുഡ്ഗാവിലെന്നല്ല രാജ്യത്തൊരിടത്തും മുസ്‌ലിംകള്‍ വെളിമ്പറമ്പുകളില്‍ പ്രാര്‍ഥന നടത്തുന്നതിന് എതിരായുള്ള പൊതുവികാരമില്ല. കേരളത്തില്‍ പോലും പുഴയോരത്തുള്ള മണല്‍ത്തിട്ടകളിലും മറ്റും ആളുകള്‍ നമസ്‌കരിക്കുന്നത് പഴമക്കാരുടെ ഓര്‍മകളിലുണ്ട്. ഇത് ബഹുസ്വരതയുടെ ഒരടയാളമായാണ് ജനങ്ങള്‍ അംഗീകരിക്കുന്നത്. ഈ ബഹുസ്വര ചിഹ്നത്തെ തകര്‍ത്ത് ഇന്ത്യയുടെ ഏകസ്വരത രേഖപ്പെടുത്തുക എന്നതാണ് സംഘപരിവാരത്തിന്റെ അജണ്ട. മുസ്‌ലിംകള്‍ തുറന്ന പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം നിര്‍വഹിച്ചുപോരുന്നതിനോട് യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാത്ത ഗുഡ്ഗാവിലെ ഹിന്ദു സഹോദരന്മാരുടെ മനസ്സിലേക്ക് മുസ്‌ലിം വിരോധത്തിന്റെ വിഷവിത്തെറിയുക എന്ന ലക്ഷ്യമാണ് ആത്യന്തികമായി നമസ്‌കാരം തടയാന്‍ എത്തിയവര്‍ക്കുള്ളത്. ഇതൊരു തര്‍ക്കവിഷയമായി തീരുന്നതോടെ ഗുഡ്ഗാവിനു പുറത്ത് രാജ്യത്തിന്റെ മറ്റെല്ലാ ഭാഗങ്ങളിലേക്കും മുസ്‌ലിം മതചിഹ്നങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമെതിരായുള്ള മനോനില സൃഷ്ടിക്കപ്പെടുന്നു. ഗോവധ വിഷയത്തിലും മറ്റും സംഭവിച്ചതുപോലെ ഹിന്ദുക്കളെയും മുസ്‌ലിം ന്യൂനപക്ഷത്തെയും പരസ്പരം വിഭജിക്കുക എന്നതു തന്നെയാണ് ഗുഡ്ഗാവ് ഓപറേഷന്റെ അന്തിമലക്ഷ്യം. എന്നാല്‍ പുറത്തേക്ക് പ്രകടിപ്പിക്കുന്ന ഭീതി മറ്റൊന്നാണ്- നമസ്‌കാരം നിര്‍വഹിക്കുന്ന പൊതുസ്ഥലങ്ങള്‍ മുസ്‌ലിംകള്‍ കൈയേറിയെടുത്ത് സ്വന്തമാക്കിക്കളയും എന്നതാണ് ഈ പേടി. സ്വാഭാവികമായും തന്ത്രങ്ങളറിയാത്ത സാമാന്യജനം ഈ പേടി പങ്കിടുകയും ചെയ്യും. എന്നാല്‍, തങ്ങള്‍ പാര്‍ത്തുപോരുന്ന സ്ഥലത്തു നിന്നുതന്നെ എപ്പോഴാണ് അടിച്ചിറക്കപ്പെടുക എന്ന ഭീതിയാണ് അനുഭവങ്ങള്‍ മുസ്‌ലിംകള്‍ക്കിടയില്‍ സൃഷ്ടിച്ചിട്ടുള്ളത്. അത്രയ്ക്കും അരക്ഷിതമായ അവസ്ഥയില്‍ കഴിയുന്ന മുസ്‌ലിം ന്യൂനപക്ഷം ഗുഡ്ഗാവിലെ പ്രാര്‍ഥനാസ്ഥലം കൈയേറി പള്ളി പണിതുകഴിയുമോ എന്ന ഭീതിക്ക് യാതൊരു അടിസ്ഥാനവുമില്ല എന്നതാണ് വാസ്തവം. പക്ഷേ, പറഞ്ഞിട്ടെന്ത്? മുസ്‌ലിം ഭീതി സൃഷ്ടിച്ചെടുക്കാന്‍ സംഘപരിവാര ശക്തികള്‍ക്ക് അവിടെ സാധിച്ചുകഴിഞ്ഞു.
ഗുഡ്ഗാവില്‍ സൃഷ്ടിച്ചെടുത്ത ഭീതി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സംഘപരിവാരത്തിന് എളുപ്പത്തില്‍ സാധിക്കും എന്നതാണ് ഇക്കാര്യത്തില്‍ ആശങ്ക സൃഷ്ടിക്കുന്ന സംഗതി. ഇപ്പോള്‍ തന്നെ ഇന്ത്യയിലെ പല നഗരങ്ങളിലും പൊതുസ്ഥലങ്ങളില്‍ നമസ്‌കാരം നടക്കുന്നുണ്ട്. കേരളത്തില്‍ പോലും റമദാന്‍ മാസത്തില്‍ പല പ്രദേശങ്ങളിലും ജുമുഅ നമസ്‌കാരത്തിന് പള്ളികളില്‍ സ്ഥലമില്ലാത്തതിനാല്‍ നിരത്തുകളിലേക്കും മറ്റും അതു നീങ്ങുന്ന അനുഭവമുണ്ട്. ഇത്തരം നമസ്‌കാരങ്ങള്‍ക്കെതിരായി പൊതുവികാരം രൂപപ്പെടുത്തിയെടുക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ സംഘപരിവാരത്തിന് പ്രയാസമുണ്ടാവില്ല. അത് അവസാനിക്കുക ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളിലായിരിക്കും.
ജുമുഅ നമസ്‌കാരത്തിന്റെ സമയക്രമങ്ങളില്‍ മാറ്റം വരുത്തി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമോ എന്ന് ചിലര്‍ ആരായുന്നത് ഈ സാഹചര്യത്തിലാണ്. വിശ്വാസികളെ മുഴുവനും ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പള്ളികള്‍ നിര്‍മിക്കുകയും ഉള്ള പള്ളികള്‍ വലുതാക്കുകയും ചെയ്യുക എന്നതാണ് പ്രത്യക്ഷത്തില്‍ പ്രശ്‌നപരിഹാരത്തിനുള്ള വഴി. ഉത്തരേന്ത്യയില്‍ ഇത് പ്രായോഗികമേയല്ല. പുതുതായി പള്ളികള്‍ നിര്‍മിക്കാന്‍ അനുവാദം കിട്ടണമെന്നില്ല. കിട്ടിയാല്‍ തന്നെ മതിയായ സൗകര്യങ്ങളോടു കൂടി നമസ്‌കാരം നിര്‍വഹിക്കാന്‍ ഉതകുന്ന പള്ളികള്‍ നിര്‍മിക്കാനുള്ള സാമ്പത്തികശേഷി അവിടത്തെ മുസ്‌ലിംകള്‍ക്ക് ഇല്ലതാനും. അതിനാല്‍ ഉള്ള പള്ളികളില്‍ വ്യത്യസ്ത സമയങ്ങളിലായി വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം ക്രമീകരിക്കാമോ എന്നതാണ് പ്രശ്‌നം. മുംബൈയിലും മറ്റും ഇപ്പോള്‍ ആ രീതിയില്‍ രണ്ടു സമയങ്ങളായി ജുമുഅ നമസ്‌കാരം നടത്തുന്നതായി കേട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മതവിധി പുറപ്പെടുവിക്കേണ്ടത് ആധികാരിക മതപണ്ഡിതന്മാരാണ്. പണ്ഡിതസഭകള്‍ കര്‍മശാസ്ത്ര നിബന്ധനകളുടെ അടിസ്ഥാനത്തില്‍ വിധിയെഴുത്ത് നടത്തുകയാണെങ്കില്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പു ലഭിക്കും. മതപണ്ഡിതര്‍ അനുകൂലമായ തീരുമാനമെടുക്കുകയാണെങ്കില്‍ പല ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഭാവിയില്‍ ഉണ്ടാവാനിടയുള്ള സംഘര്‍ഷങ്ങളും തര്‍ക്കങ്ങളും അതുവഴി ഒഴിവാക്കാനുമാവും.
കേരളത്തിലും റമദാന്‍ മാസത്തില്‍ പള്ളികളിലെ ആള്‍ത്തിരക്ക് വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്; വിശേഷിച്ചും മലബാറിലെ ചില നഗരങ്ങളില്‍. പള്ളികള്‍ക്ക് വിശ്വാസികളെ ഉള്‍ക്കൊള്ളാനാവാതെ വരുമ്പോള്‍ നമസ്‌കാരം മിക്കപ്പോഴും പൊതുവഴികളിലേക്ക് നീങ്ങുന്നു. മതിയായ ശുചിത്വമില്ലാത്ത നിരത്തുകളിലും വെളിമ്പറമ്പുകളിലും പ്രാര്‍ഥന നിര്‍വഹിക്കേണ്ടിവരുന്നു എന്നതു പോകട്ടെ. ഗതാഗത തടസ്സത്തിന് ഈ നമസ്‌കാരം കാരണമാവുകയും ചെയ്യുന്നു. മുക്കാല്‍ മണിക്കൂറോളം കോഴിക്കോട്ടെ പാളയം റോഡില്‍ ഗതാഗതം തടസ്സപ്പെട്ട അനുഭവമുണ്ടായിട്ടുണ്ട്. മതദൃഷ്ട്യാ ഇത്തരം ഗതാഗത തടസ്സങ്ങള്‍ ന്യായീകരിക്കാനാവുന്നതാണോ? ഹര്‍ത്താലുകളുടെ പേരില്‍ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് ഇസ്‌ലാംവിരുദ്ധമാണെന്നാണ് മുസ്‌ലിം പണ്ഡിതന്മാരുടെ പൊതുസമീപനം. അപ്പോള്‍ പ്രാര്‍ഥനയുടെ പേരില്‍ സഞ്ചാരം തടയപ്പെടുന്നത് സ്വീകാര്യമാവില്ലല്ലോ. ഇങ്ങനെയൊരു ഘട്ടത്തില്‍ ജുമുഅ നമസ്‌കാരത്തിന്റെ സമയക്രമീകരണം മതദൃഷ്ട്യാ അനുവദനീയമാണോ എന്നതാണ് പ്രശ്‌നം. മതപണ്ഡിതര്‍ കര്‍മശാസ്ത്ര വിഷയങ്ങള്‍ കാലികമായി വ്യാഖ്യാനിക്കുമ്പോള്‍ കൈക്കൊള്ളുന്ന സമീപനമാണ് ഇവിടെ പ്രധാനം.
Next Story

RELATED STORIES

Share it