പ്രാര്‍ഥനകള്‍ വിഫലം; അമ്പിളി ഫാത്തിമ യാത്രയായി

കോട്ടയം: ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കു വിധേയയായ അമ്പിളി ഫാത്തിമ(22) ഹൃദയത്തുടിപ്പുകളില്ലാത്ത ലോകത്തേക്കു യാത്രയായി. മൂന്നുദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കാഞ്ഞിരപ്പള്ളി പുതുപ്പറമ്പില്‍ ബഷീര്‍ ഹസന്റെയും ഷൈലയുടെയും ഏക മകളാണ്.
രാവിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചെങ്കിലും മരുന്നുകളോടൊന്നും പ്രതികരിച്ചില്ല. കടുത്ത അണുബാധയെ തുടര്‍ന്ന് തലച്ചോറിന്റെയും ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം തകരാറിലായി. ഹൃദയത്തില്‍ സുഷിരവുമായി ജനിച്ച അമ്പിളിക്ക് 'പല്‍മനറി ഹൈപ്പര്‍ടെന്‍ഷന്‍' എന്ന രോഗമായിരുന്നു.
കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്ന ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. ഒരു മാസത്തിനുശേഷം അണുബാധയുണ്ടായതിനെ തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നീട് വീര്യം കൂടിയതും ചെലവേറിയതുമായ മരുന്നുപയോഗിച്ച് അണുബാധ കുറയ്ക്കുകയായിരുന്നു. ഒരു മാസമായി അമ്പിളിയും കുടുംബവും ചെന്നൈയില്‍നിന്നു തിരിച്ചെത്തിയിട്ട്. കടുത്ത പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതാണ് അണുബാധയ്ക്കു കാരണം. തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കോട്ടയം സിഎംഎസ് കോളജിലെ അവസാന വര്‍ഷ എംകോം വിദ്യാര്‍ഥിനിയാണ്. ഖബറടക്കം ഇന്നലെ വൈകീട്ട് കാഞ്ഞിരപ്പള്ളി നൈനാര്‍പള്ളി ഖബര്‍സ്ഥാനില്‍ നടത്തി. അമ്പിളിയുടെ രോഗാവസ്ഥ അറിഞ്ഞ് നിരവധിപേര്‍ സഹായങ്ങളുമായി എത്തിയിരുന്നു. കേരളം മുഴുവന്‍ കൈകോര്‍ത്താണ് ലക്ഷങ്ങള്‍ ചെലവുള്ള ശസ്ത്രക്രിയ നടത്തിയത്.
Next Story

RELATED STORIES

Share it