പ്രാര്‍ഥനകള്‍ക്കൊടുവില്‍ തീരത്തേക്ക്‌; അഭിലാഷ് ടോമി മരണവുമായി മല്ലിട്ട് നടുക്കടലില്‍ കഴിഞ്ഞത് രണ്ടു ദിവസം



കൊച്ചി: ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെട്ടു പായ്‌വഞ്ചി തകര്‍ന്നു നടുക്കടലില്‍ അകപ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമി രണ്ടു ദിവസം മരണവുമായി മല്ലിട്ടാണ് ജീവിതം തിരികെപിടിച്ചത്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണു തുരിയ എന്ന പായ്‌വഞ്ചിയില്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണം ആരംഭിച്ചത്. കന്യാകുമാരിയില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെയാണ് അഭിലാഷിന്റെ പായ്‌വഞ്ചി അപകടത്തില്‍പ്പെട്ടത്. കാറ്റിലും കോളിലുംപ്പെട്ട താന്‍ അപകടത്തില്‍പ്പെട്ടതായി അഭിലാഷ് സന്ദേശമയച്ചതോടെയാണു വിവരം പുറംലോകം അറിയുന്നത്.
11 രാജ്യാന്തര താരങ്ങള്‍ മല്‍സരിക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തില്‍ നിലവില്‍ മൂന്നാംസ്ഥാനത്തായിരുന്നു അഭിലാഷ്. കഴിഞ്ഞ 84 ദിവസങ്ങള്‍ക്കിടെ അദ്ദേഹം 10,500 നോട്ടിക്ക ല്‍ മൈല്‍ ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് അപകടം. തുടര്‍ന്ന് ആസ്‌ത്രേലിയന്‍ റെസ്‌ക്യു കോ-ഓഡിനേറ്റിങ് സെന്ററിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.
നാവികസേനാ കപ്പല്‍ ഐഎന്‍സ് സത്പുര, ചേതക് ഹെലികോപ്റ്റര്‍, ഇന്ത്യന്‍ നേവിയുടെ പി-8ഐ പട്രോളിങ് വിമാനം, ടാങ്കര്‍ ഐഎന്‍സ് ജ്യോതി എന്നിവയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായി. സാറ്റലൈറ്റ് ഫോണ്‍ വഴി അഭിലാഷ് ടോമി അയച്ച സന്ദേശത്തില്‍ താന്‍ ബോട്ടില്‍ സുരക്ഷിതനാണെന്നും എന്നാല്‍ കടുത്ത പുറംവേദനയാല്‍ അനങ്ങാന്‍ സാധിക്കുന്നില്ലെന്നും വ്യക്തമാക്കിയിരുന്നു. ദേഹത്താകെ നീരുണ്ടെന്നും കാല്‍വിരലുകളൊഴികെ ശരീരമനക്കാനാവാത്ത നിലയാണെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു. കടല്‍ക്ഷോഭം അതിരൂക്ഷമായിരുന്നു. അഭിലാഷ് സഞ്ചരിച്ചിരുന്ന പായ്‌വഞ്ചി കണ്ടെത്തിയതു പോലും ശ്രമകരമായാണ്. ഞായറാഴ്ച രാവിലെ 7.50ന് ഇന്ത്യന്‍ നാവികസേനയുടെ പി-8ഐ വിമാനം അഭിലാഷിന്റെ പായ്‌വഞ്ചിയായ തുരിയയുടെ ചിത്രം പകര്‍ത്തിയതോടെയാണു രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായത്. എന്നാല്‍, നിരീക്ഷണത്തിനു മാത്രം ഉപയോഗിക്കുന്ന ഈ വിമാനത്തിനു രക്ഷാപ്രവര്‍ത്തനം സാധിക്കില്ല.
രാജ്യാന്തര കപ്പല്‍ച്ചാലില്‍ നിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയിലായിരുന്നു അപകടം. എയര്‍ലിഫ്റ്റ് ചെയ്യാന്‍ കഴിയുന്ന തരം വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും കരയില്‍ നിന്ന് ഇത്ര ദൂരം പറന്നു ദൗത്യം നിര്‍വഹിച്ചു തിരികെയെത്താനുള്ള ഇന്ധനശേഷിയില്ല. അതിനാല്‍, കപ്പല്‍ ഉപയോഗിച്ചുള്ള രക്ഷാദൗത്യം മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ. അഭിലാഷിന്റെ വഞ്ചിക്ക് 266 കിലോമീറ്റര്‍ അരികില്‍ ഫ്രഞ്ച് മല്‍സ്യബന്ധന യാനമായ ഓസിരിസ് എത്തിയെങ്കിലും കാലാവസ്ഥ മോശമായതിനാല്‍ മണിക്കൂറില്‍ എട്ടു കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണു സഞ്ചരിക്കാനായത്. ഇന്നലെ രാവിലെ കടലിന്റെ പ്രക്ഷുബ്ധാവസ്ഥയ്ക്കു ശമനമുണ്ടായതോടെയാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്.

Next Story

RELATED STORIES

Share it