Flash News

പ്രാരബ്ധങ്ങള്‍ക്കിടയില്‍ നീതിക്കായി ഇര്‍ഷാദിന്റെ പോരാട്ടം

ജയ്പൂര്‍: രാജസ്ഥാനില്‍ പശുക്കടത്ത് ആരോപിച്ച് ഹിന്ദുത്വര്‍ ഹരിയാന സ്വദേശി പെഹ്‌ലുഖാനെ കൊലപ്പെടുത്തിയിട്ട് ഒരുവര്‍ഷം പിന്നിടുമ്പോള്‍ നീതിക്കായുള്ള പോരാട്ടത്തിലാണ് മൂത്ത മകന്‍ ഇര്‍ഷാദ്. 11 പേരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഈ 28കാരന്‍ ഹരിയാനയിലെ ജയ്‌സിങ്പുര്‍ ഗ്രാമത്തില്‍ കൂലിപ്പണിയെടുത്തു കിട്ടുന്ന തുച്ഛ വരുമാനംകൊണ്ടാണു നിത്യചെലവു നടത്തുന്നതും കേസ് മുന്നോട്ടു കൊണ്ടുപോവുന്നതും.
2017 ഏപ്രില്‍ 1ന് ജയ്പൂരിലെ കന്നുകാലിമേളയില്‍ പങ്കെടുത്ത് നാട്ടിലേക്കു മടങ്ങുമ്പോഴാണ് പെഹ്‌ലുഖാനെയും അസ്മത്, റഫീഖ് എന്നിവരെയും ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചത്. പെഹ്‌ലുഖാന്‍ രണ്ടുദിവസത്തിനുശേഷം മരിച്ചു.
കുടുംബത്തിന്റെ പ്രധാന വരുമാനമാര്‍ഗമായ പശുവളര്‍ത്തല്‍ പിതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് അവസാനിപ്പിക്കേണ്ടിവന്നതോടെ നിത്യവൃത്തിക്കായി കൂലിപ്പണിക്കിറങ്ങുകയായിരുന്നു ഇര്‍ഷാദ്. കൃഷിപ്പണിയും നിര്‍മാണത്തൊഴിലുമൊക്കെ ചെയ്ത്് ഏതാണ്ട് 8,000 രൂപയാണ് ഒരുമാസം ഇര്‍ഷാദിന് കൂലി ലഭിക്കുന്നത്്. ഭാര്യ, നാലു സഹോദരന്‍മാര്‍, മൂന്നു സഹോദരിമാര്‍, മാതാവ്, മുത്തശ്ശി എന്നിവരടങ്ങുന്ന കുടുംബം കഴിയുന്നത് ഈ തുച്ഛമായ വരുമാനംകൊണ്ടാണ്. ചില സംഘടനകള്‍ ചെറിയതോതില്‍ സഹായിച്ചു. സര്‍ക്കാരില്‍ നിന്ന്് ഒരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല.
പെഹ്‌ലുഖാന്റെ കൊലപാതകത്തിനു ശേഷവും മുസ്‌ലിം കന്നുകാലിക്കച്ചവടക്കാര്‍ക്കും ദലിതര്‍ക്കുമെതിരേ സമാനമായ നിരവധി അതിക്രമങ്ങളാണ് ഗോരക്ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവരുന്നത്. ഹിന്ദുത്വ ആ ള്‍ക്കൂട്ട അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുമ്പോഴും രാജ്യത്തെ നടുക്കിയ പെഹ്‌ലു ഖാന്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഇഴഞ്ഞുനീങ്ങുകതന്നെയാണ്. തെളിവുകള്‍ ഇല്ലാത്തതിനാലല്ല, കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ താല്‍പര്യമില്ലാത്തതുമൂലമാണ് കേസ് ഇഴഞ്ഞുനീങ്ങുന്നതെന്ന് പെഹ്‌ലുഖാന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏതാനും മനുഷ്യാവകാശ സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ ആരോപിച്ചിരുന്നു.
കേസിന്് മുന്‍ഗണന നല്‍കി നീതി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഇര്‍ഷാദിനാണെങ്കില്‍ തുച്ഛമായ വരുമാനംകൊണ്ട് കുടുംബച്ചെലവുകളില്‍ നിന്ന് മിച്ചംപിടിച്ച പണംകൊണ്ടു വേണം കേസ് നടത്താന്‍. ഇതാണ് ഇപ്പോഴത്തെ സ്ഥിതി.
തുടക്കംമുതലേ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. കൊല്ലപ്പെട്ട പെഹ്‌ലു ഖാനൊപ്പം ഹിന്ദുത്വ ഗുണ്ടകളുടെ ആക്രമണത്തിനിരയായ രണ്ടുപേരടക്കം നാലുപേര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്. പെഹ്‌ലുഖാനും മറ്റുള്ള നാലുപേരും പശുക്കളെ അനധികൃതമായി കടത്തുകയായിരുന്നു എന്നാണ് പോലിസ് കുറ്റപത്രത്തില്‍ ആരോപിച്ചത്. പെഹ്‌ലുഖാന്റെ നാട്ടുകാരായ അസ്മത്, റഫീഖ്, ഇവരുടെ ട്രക്ക് ഓടിച്ചിരുന്ന അര്‍ജുന്‍ലാല്‍ യാദവ്, ട്രക്ക് ഉടമസ്ഥനായ അദ്ദേഹത്തിന്റെ പിതാവ് ജഗ്ദീഷ് പ്രസാദ് എന്നിവര്‍ക്കെതിരേയാണ് പശുക്കടത്തിന്റെ പേരില്‍ കേസെടുത്തത്. മര്‍ദനത്തില്‍ സുഷുമ്‌ന നാഡിക്ക് സാരമായി പരിക്കേറ്റ അസ്മത് മാസങ്ങളോളം കിടപ്പിലായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് പോലിസ് രണ്ട് കേസാണ് എടുത്തത്. ഒന്ന് പെഹ്‌ലുഖാനെ കൊന്നവര്‍ക്കെതിരേയും മറ്റൊന്ന് പശുക്കടത്തിന്റെ പേരില്‍ പെഹ്‌ലുഖാനും സുഹൃത്തുക്കള്‍ക്കുമെതിരേയും. കൊലക്കേസില്‍ ഒമ്പതുപേരെയാണ് പ്രതിചേര്‍ത്തിരുന്നത്. തന്നെ ആക്രമിച്ചവരെന്ന് പെഹ്‌ലുഖാന്‍ മരണമൊഴിയില്‍ പറഞ്ഞ ആറുപേര്‍ക്ക് മറ്റൊരന്വേഷണത്തില്‍ പോലിസ് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഈ ആറുപേരും സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നില്ലെന്നായിരുന്നു പോലിസിന്റെ വാദം.
കേസ് കൈകാര്യം ചെയ്ത പോലിസ് പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചതായി വിവിധ മനുഷ്യാവകാശ സംഘടനകള്‍ നടത്തിയ വസ്തുതാന്വേഷണത്തില്‍ വ്യക്തമായതാണ്. പെഹ്‌ലുഖാന്റെ മരണമൊഴി പോലിസ് അട്ടിമറിച്ചതായും പ്രതികളെ കുറ്റവിമുക്തരാക്കിയതായും അലയന്‍സ് ഫോര്‍ ജസ്റ്റിസ് അക്കൗണ്ടബിലിറ്റി (ന്യൂയോര്‍ക്ക്), സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ്, ദലിത് അമേരിക്കന്‍ കോലീഷന്‍, ഇന്ത്യന്‍-അമേരിക്കന്‍ മുസ്‌ലിം കൗണ്‍സില്‍, ഹ്യൂമന്റൈറ്റ്‌സ് ലോ നെറ്റ്‌വര്‍ക്ക്, ജാമിഅ ടീച്ചേഴ്‌സ് സോളിഡാരിറ്റി അസോസിയേഷന്‍, സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, ലണ്ടന്‍ ആന്റ് സൗത്ത് ഏഷ്യന്‍ സോളിഡാരിറ്റി ഇനിഷ്യേറ്റീവ് തുടങ്ങിയ സംഘടനകള്‍ പുറത്തുവിട്ട വസ്്തുതാന്വേഷണ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
താന്‍ ആക്രമിക്കപ്പെടുമ്പോള്‍ പോലിസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് പെഹ്‌ലുഖാന്റെ മൊഴിയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ മൊഴി പോലിസ് അട്ടിമറിച്ചു. കേസില്‍ എഫ്‌ഐആര്‍ തയ്യാറാക്കുന്നതില്‍ കാലതാമസം വരുത്തിയ പോലിസ് ആവശ്യമായ വകുപ്പുകള്‍ ചേര്‍ക്കാതെയായിരുന്നു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രദേശത്തെ ഹിന്ദുത്വസംഘടനകളുടെ അറിയപ്പെടുന്ന പ്രവര്‍ത്തകരായിരുന്നു പ്രതികളെന്നും ഇവരെ കണ്ടെത്താന്‍ പോലിസ് നടപടികളൊന്നും സ്വീകരിച്ചില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. പെഹ്‌ലുഖാന്റെ മരണം സ്വാഭാവികമാണെന്നു വരുത്തിത്തീര്‍ക്കാന്‍ കേന്ദ്രമന്ത്രിയും ഗോരക്ഷകരുമായി ബന്ധമുള്ളയാളുമായ മഹേഷ് ശര്‍മയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരെ ഉപയോഗിച്ചെന്നും റിപോര്‍ട്ടില്‍ ആരോപണമുയര്‍ന്നിരുന്നു.
Next Story

RELATED STORIES

Share it